നാൽപ്പതുകൾക്ക് ശേഷം സെക്സിനോട് 'നോ' പറയണ്ട; ഗുണങ്ങൾ നിരവധിയാണ്

 

നിരവധി ആരോഗ്യഗുണങ്ങൾ സെക്സിനുണ്ട്. ഓരോ പ്രായത്തിലും നിങ്ങളുടെ ശരീരത്തിനെയും മാനസികാരോഗ്യത്തിനെയുമെല്ലാം ലൈംഗികത സ്വാധീനിക്കുന്നുണ്ട്. നാൽപ്പതുകൾക്ക് ശേഷം ഈ ഗുണങ്ങൾ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നു നോക്കാം.

40 വയസ്സിന് മുകളിലുള്ള ആളുകൾ ലൈംഗിക ആത്മവിശ്വാസമുള്ളവരായിരിക്കും. കാരണം അവർക്ക് അവരുടെ ശരീരത്തെയും മുൻഗണനകളെയും നന്നായി മനസ്സിലാക്കാൻ കഴിയും. 40കളിലെ സെക്‌സ് സമ്മർദ്ദം ഒഴിവാക്കുന്നതും പങ്കാളിയോട് കൂടുതൽ അടുപ്പം തോന്നാനും സഹായിക്കും. എന്താണ് നിങ്ങൾ വേണ്ടതെന്ന് കൃത്യമായി ആശയവിനിമയം നടത്താനും ഈ ഘട്ടത്തിൽ സാധിക്കും. ലൈംഗികതയുടെ അത്ഭുതങ്ങൾ അനാവരണം ചെയ്യപ്പെടുകയും ശാരീരികവും വൈകാരികവുമായ ക്ഷേമം സമ്മാനിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനങ്ങൾ സന്തുലിതമായി നിലനിർത്താൻ സെക്സ് സഹായിക്കും. ക്രമമായി ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഹൃദ്രോഗ സാധ്യതയും രക്തസമ്മർദ്ദവും കുറയ്ക്കും.

ലൈംഗികവേളയിൽ പുറത്തുവിടുന്ന എൻഡോർഫിൻ സ്വാഭാവിക വേദനസംഹാരിയായി പ്രവർത്തിക്കും. ഇത് തലവേദന, ആർത്തവ വേദന തുടങ്ങിയവയെ എല്ലാം ലഘൂകരിക്കാൻ സഹായിക്കും. മിഡ്‌ലൈഫ് ക്രൈസിസിലൂടെ കടന്നുപോകുന്നവരിൽ സമ്മർദ്ദം കുറയ്ക്കാനും സെക്സിനു സാധ്യമാണ്.

ആരോഗ്യകരമായ വാർദ്ധക്യവും ദീർഘായുസ്സും പ്രധാനം ചെയ്യാനും സെക്സിനാവും. സ്ഥിരമായ ലൈംഗിക പ്രവർത്തനങ്ങൾക്ക് ആന്റി ഏജിംഗ് ഗുണങ്ങളുണ്ടെന്നും ഇത് യുവത്വവും സൗന്ദര്യവും നിലനിർത്താൻ സഹായിക്കുമെന്നും ചില പഠനങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്.

50കളിലെ സെക്സ്
50കളിലേക്ക് പ്രവേശിക്കുമ്പോൾ ശരീരത്തിന് അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. സ്ത്രീകളിൽ യോനിയിലെ വരൾച്ച പോലുള്ള പ്രശ്നങ്ങളും ആർത്തവിരാമം മൂലമുള്ള പ്രശ്നങ്ങളുമൊക്കെ കണ്ടു തുടങ്ങും. സാധാരണയായി 45നും 55നും ഇടയിലാണ് ആർത്തവവിരാമം സംഭവിക്കുന്നത്. ആർത്തവവിരാമം ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നു. ഇത് ശരീരതാപം വർധിപ്പിക്കുകയും ഉറങ്ങാൻ ബുദ്ധിമുട്ട് നേരിടുകയും യോനിയിലെ വരൾച്ചയ്ക്കുമെല്ലാം കാരണമാകും.


യോനിയിലെ വരൾച്ചയും കുറഞ്ഞ സെക്‌സ് ഡ്രൈവും ഈ പ്രായത്തിൽ ലൈംഗികാനുഭവം ആസ്വദിക്കുന്നതിന് ബുദ്ധിമുട്ടായി മാറാറുണ്ട്. ആർത്തവവിരാമത്തിനു ശേഷം ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുകയെന്നത് കൂടുതൽ അധ്വാനം ആവശ്യമായ കാര്യമാണ്. എന്നാൽ 50കളിലും സജീവമായി സെക്സിൽ ഏർപ്പെടുന്നത് യോനിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും കാലക്രമേണ യോനിയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു