ദാമ്പത്യത്തിലെ ലൈംഗിക ദാരിദ്ര്യം പലർക്കും ഒരു നിശ്ശബ്ദ സങ്കടം; വിവാഹജീവിതത്തിലെ ലൈംഗികതയുടെ അഭാവം: അറിയാം ഇവ
പങ്കാളിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ലൈംഗിക താത്പര്യങ്ങളും മറ്റും പരസ്പരം തിരിച്ചറിയുക എന്നത് പരമപ്രധാനമായ കാര്യമാണ്. ഓരോ വ്യക്തിക്കും അവരവരുടെ താത്പര്യങ്ങളും ഒപ്പം പങ്കാളിയുടെ താല്പര്യങ്ങളെകുറിച്ചും വ്യക്തമായ അവബോധം ഉണ്ടാകേണ്ടതുണ്ട്. അന്യോന്യം മനസ്സുതുറന്നും നിരീക്ഷിച്ചും മനസ്സിലാക്കേണ്ടവയാണ് അവയെല്ലാം.
ആരോഗ്യകരമായ ലൈംഗികതയെക്കുറിച്ചുള്ള അറിവ് ഓരോ ദമ്പതിമാർക്കും അനിവാര്യമാണ്. അപൂർണ്ണമായ അറിവോ മിഥ്യാധാരണയോ ലൈംഗിക വൈകൃതങ്ങളിലേക്കോ മറ്റു സ്വഭാവ വൈകൃതങ്ങളിലേക്കോ നയിച്ചേക്കാം. രതി വൈകൃതങ്ങളും ലൈംഗിക അതിപ്രസരവും സ്വാഭാവികമായ സാമൂഹിക ജീവിതം താറുമാറാക്കും എന്നതിൽ സംശയമില്ല. പങ്കാളികളിൽ ആർക്കെങ്കിലും ലൈംഗിക വൈകൃതങ്ങളോ ലൈംഗിക താത്പര്യ കുറവുകളോ ഉണ്ടെകിൽ അത് എത്രയും വേഗം പരസ്പരം തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടതുണ്ട്.
ലൈംഗികത എന്നത് മനുഷ്യബന്ധങ്ങളിലെ, പ്രത്യേകിച്ചും ദാമ്പത്യ ജീവിതത്തിലെ, ഒരു സുപ്രധാന ഘടകമാണ്. ദമ്പതികൾക്കിടയിൽ ലൈംഗിക ബന്ധങ്ങളുടെ കുറവും ഒട്ടും ലൈംഗിക ബന്ധം ഇല്ലാതെ വരുന്നതും പല പ്രശ്നങ്ങൾക്കും വഴിവയ്ക്കാറുണ്ട്. മാനസിക സമ്മർദ്ദം വർധിക്കുക, ദേഷ്യം, നിരാശ തുടങ്ങിയ വികാരങ്ങൾ, വിഷാദം, ഉത്കണ്ഠ, ആത്മവിശ്വാസം കുറയുക, പങ്കാളിയോടുള്ള ഇണക്കക്കുറവ്, ബന്ധത്തിലെ അസന്തുഷ്ടി തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.
എന്നാൽ ദമ്പതികൾക്കിടയിലെ ഇത്തരം പ്രശ്നങ്ങളെ കുറിച്ചുണ്ടാകുന്ന ചർച്ചകൾ പലപ്പോഴും വലിയ സങ്കടങ്ങൾക്കും വിവാദങ്ങൾക്കും കാരണമാകാറും ഉണ്ട്, ഇത് ഇപ്പോഴും സങ്കീർണ്ണവും സംവേദനാത്മകവുമായ വിഷയമായി നമ്മുടെ സമൂഹത്തിൽ തുടരുന്നു, ലൈംഗികതയെക്കുറിച്ചുള്ള തുറന്ന സംഭാഷണങ്ങൾ പലപ്പോഴും ഒഴിവാക്കപ്പെടുകയോ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്യുന്നു എന്നുള്ളതാണ് ഇതിനു കാരണം.
ദാമ്പത്യത്തിലെ ലൈംഗിക ദാരിദ്ര്യം പലരും ഒരു നിശ്ശബ്ദ സങ്കടമായാണ് കൊണ്ട് നടക്കുന്നത്. ഇത് കേവലം ശാരീരിക ആവശ്യങ്ങളുടെ നിറവേറ്റൽ മാത്രമല്ല. ലൈംഗിക ജീവിതത്തിലെ പ്രശ്നങ്ങൾ പലപ്പോഴും ബന്ധത്തിലെ മറ്റ് പ്രശ്നങ്ങളുടെ ലക്ഷണമോ കാരണമോ ആയേകാം.
ഇത് ഗൗരവമായി കാണേണ്ട ഒരു പ്രശ്നമാണ് എന്ന് മനസ്സിലാക്കുന്നതോടൊപ്പം തന്നെ ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയാനും ബന്ധത്തിൽ നിന്നും പുറത്തുകടക്കുന്നതിനടക്കമുള്ള പരിഹാര സാധ്യത തേടലും വളരേ പ്രധാന്യമർഹിക്കുന്ന കാര്യമാണ്.
ഇണകൾ തമ്മിൽ ലൈംഗികത തീരെയില്ലെങ്കിലോ തന്റെ പങ്കാളിയിൽ നിന്ന് വേണ്ട പരിഗണന ലഭിക്കുകയോ തുറന്നു സംസാരിച്ചു വേണ്ട ചികിത്സയെടുക്കാൻ തയ്യാറാവുകയോ ചെയ്യുന്നില്ലെങ്കിലും ഗുരുതരമായ പ്രശ്നമായാണ് മനസ്സിലാക്കേണ്ടത്. ഭാവി ജീവിതത്തെ സാരമായി ബാധിക്കുമെന്ന് പല പഠനങ്ങളും തെളിയിക്കുന്നുണ്ട്.
ദാമ്പത്യബന്ധങ്ങളിലെ ലൈംഗിക അസന്തുലിതാവസ്ഥ തിരിച്ചറിയാൻ സഹായിക്കുന്ന ചില പ്രധാന സൂചനകൾ നോക്കാം:
∙ലൈംഗിക ബന്ധം പതിവായി നിരസിക്കപ്പെടുക
∙പങ്കാളിയുടെ ആവശ്യങ്ങൾ നിരന്തരം അവഗണിക്കപ്പെടുക
∙ലൈംഗിക ബന്ധത്തിന്റെ ആവൃത്തി നന്നേ കുറയുക അല്ലെങ്കിൽ പൂർണമായും നിലയ്ക്കുക
∙പങ്കാളിയോടുള്ള ശാരീരിക ആകർഷണം തീരെ കുറയുക
∙പങ്കാളിയുടെ പ്രകടനത്തെക്കുറിച്ച് നിരന്തരം പരാതികൾ ഉണ്ടാവുക.
∙ലൈംഗിക ബന്ധത്തിനുള്ള അവസരങ്ങൾ ബോധപൂർവ്വം ഒഴിവാക്കുക.
∙പങ്കാളിയുടെ സ്പർശനവും കെട്ടിപിടുത്തങ്ങളും നിരസിക്കുക അല്ലെങ്കിൽ അസ്വസ്ഥത പ്രകടിപ്പിക്കുക.
തീരെ ക്ഷമയില്ല, എളുപ്പം കോപം വരുന്നു, വളരെയധികം ആവശ്യങ്ങൾ പറയുന്നു, തുടങ്ങിയ ചെറിയ ചെറിയ സ്വഭാവ ദൂഷ്യങ്ങളും ഇണയിൽ ഉണ്ടായെന്നിരിക്കാം. എന്നാൽ ശാരീരികമോ മാനസികമോ ആയ അസഹനീയമായ ക്രൂരതകൾ ഒന്നും തന്നെ ഇണയിൽ നിന്നും സഹിക്കേണ്ടതില്ല.
വിഷലിപ്തമായ ഇത്തരം ബന്ധങ്ങളിൽ തുടരുന്നത് നിങ്ങളുടെ ജീവൻ വരെ അപകടത്തിലായേക്കാം. അത്തരം സാഹചര്യങ്ങളിൽ ഉടൻ അടുപ്പമുള്ളവരോടോ വേണ്ടപെട്ടവരോടോ കാര്യങ്ങൾ തുറന്നു സംസാരിക്കുക. നിങ്ങളുടെ സുരക്ഷയ്ക്കും മനസ്സികാരോഗ്യത്തിനും ആയിരിക്കണം മുൻഗണന നൽകേണ്ടത്. ഒരു പ്രൊഫഷണൽ കൗൺസിലറുടെ സഹായം തേടുന്നത് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ വളരെയധികം സഹായിക്കും.
കൗൺസിലിംങ്ങിൽ നിങ്ങളുടെ പ്രശ്നങ്ങൾ തുറന്നും സത്യസന്ധമായും വിശദമായും കൗൺസിലറോട് പങ്കുവയ്ക്കുക. നിങ്ങൾക്ക് പങ്കാളിയോട് സ്ഥിരമായ അസംതൃപ്തി ഉണ്ടെങ്കിൽ അക്കാര്യം പ്രത്യേകം കൗൺസിലറോട് സൂചിപ്പിക്കാൻ ശ്രദ്ധിക്കണം. മനസ്സ് തുറക്കാന്‍ പലര്‍ക്കുമുള്ള വൈഷമ്യമാണ് പലപ്പോഴും അവർക്ക് തന്നെ വിനയാകുന്നത്. ഒരിക്കലും ചേരാത്ത ബന്ധമാണ് എങ്കിൽ, പിരിയൽ തന്നെയാണ് ഉചിതം എന്ന കാര്യം ആദ്യം മനസ്സിലാകുക.കൗൺസിലർക്ക് അക്കാര്യം വിശദമായി നിങ്ങളെയും കുടുംബത്തെയും ബോധ്യപെടുത്താനാകും.
പല വിവാഹ മോചന കേസുകളും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ശെരിയായ ലൈംഗികത ഇല്ലാത്തതുകൊണ്ടുകൂടിയാണ്. പക്ഷെ പുറത്തുപറയുന്ന കാരണങ്ങളാകട്ടെ ഇതാവണമെന്നുമില്ല. പലപ്പോഴും ഇത്തരം കാര്യങ്ങൾ തുറന്നു സംസാരിക്കാനുള്ള വൈഷമ്യവും മടിയുമാകാം മറ്റുചില കാരണങ്ങൾ പെരുപ്പിച്ചുകാണിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്.
പങ്കാളിയുടെ ലൈംഗികതയില്ലായ്മ വിവാഹമോചനത്തിനുള്ള ഒരു സുപ്രധാന ഉപാധി ആയിട്ടുപോലും പല ദമ്പതികളും കേസുമായി കുടുംബ കോടതികളിൽ വരെ എത്തുന്നത് ഇത് മറച്ചുവച്ചായിരിക്കാം.
ദാമ്പത്യത്തിലെ ലൈംഗിക അസന്തുലിതാവസ്ഥ ഒരു സങ്കീർണ്ണവും വേദനാജനകവുമായ പ്രശ്നമാണ്. എന്നാൽ, ഇത് തിരിച്ചറിയുകയും നേരിടുകയും ചെയ്യുന്നത് ആരോഗ്യകരമായ ബന്ധത്തിന് അത്യാവശ്യമാണ്. തുറന്ന സംഭാഷണം, പരസ്പര ബഹുമാനം, സഹാനുഭൂതി എന്നിവ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ആദ്യപടികളാണ്.
ഒരു സെക്‌സോളോജിസ്റ്റിനെയോ റിലേഷൻഷിപ് കൗൺസിലറെയോ സമീപിച്ചു ലൈംഗികതയിലുള്ള പ്രശ്നങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്. അവ പരസ്പരം കൂടുതൽ ബന്ധം മെച്ചപ്പെടുത്താനും, മാനസിക സുഖം നിലനിർത്താനും വളരെയധികം സഹായകരമാകും. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചികിത്സതേടുന്നതിനും വിമുഖത കാണിക്കുന്നതാണ് പലപ്പോഴും വിനയായി മാറുന്നതും. ലൈംഗികതയില്ലാത്ത വിവാഹം മാര്യേജ് ആക്ട് പ്രകാരം വിവാഹമോചനത്തിന് ഒരു അടിസ്ഥാനമായി കണക്കാക്കപ്പെടുന്നു.
ഇരുവരും പരസ്പരം ആലോചിച്ച്, പ്രശ്നത്തിന്റെ പരിഹാരത്തിന് പരമാവധി ശ്രമിക്കുക. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളുണ്ടെങ്കിൽ, ശത്രുതയില്ലാത്ത വിവാഹമോചനം പരിഗണിക്കാവുന്നതാണ്. ശത്രുതയില്ലാത്ത പിരിയലിന് കൗൺസിലർക്ക് നിങ്ങളെ വളരെയധികം സഹായിക്കാനാകും. ഒരാളെയും പേടിക്കാതെ ഒരാളോടും ശത്രുതയില്ലാതെ ജീവിക്കുക എന്നതാണ് സമാധാനപൂർണ്ണവും ആസ്വാദ്യകരവുമായ ജീവിതം എന്നറിയുക.
ഇനി കുട്ടികൾക്കു വേണ്ടിമാത്രം ഒരുമിച്ചു ജീവിക്കുന്ന ഭാര്യാഭർത്താക്കന്മാരുടെ കാര്യം ഒന്നു വിലയിരുത്താം. കൗൺസിങ്ങിനായി വരുന്ന ഒട്ടുമിക്ക ദമ്പതികളും പറയുന്ന ഒരു വാക്കാണ് "കുട്ടികളായിപ്പോയില്ലെ ഇനി ഒരുമിച്ച് ജീവിച്ചല്ലേ പറ്റൂ" കുട്ടികൾ ഇല്ലായിരുന്നെങ്കിൽ എന്നേ വിവാഹബന്ധം വേർപെടുത്തുമായിരുന്നു. ഇങ്ങനെയുള്ള വേദനിക്കുന്ന ദമ്പതികളുടെ പലരുടെയും വാക്കുകൾ നമ്മൾ ചിന്തിക്കേണ്ട കാര്യം തന്നെയല്ലേ.
പരസ്പരം സഹിച്ചും കലഹിച്ചും കുറ്റപ്പെടുത്തിയും ജീവിക്കുന്നതു നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ കുട്ടികളുടെയും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ വിവാഹബന്ധം വേർപെടുത്തുന്നതിനെ ഒരു അനിഷ്ട സംഭവമായി മാത്രം കാണേണ്ടതില്ല. ഒരുതരത്തിലും ഒത്തുപോകാൻ പറ്റാത്ത ബന്ധങ്ങൾ പരസ്പരം മനസിലാക്കി പിരിയുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്.
പലപ്പോഴും മൂന്നിലധികം മധ്യസ്ഥ ശ്രമങ്ങൾ കഴിഞ്ഞതിനു ശേഷം മാത്രമാണ് ദമ്പതികൾ കൗൺസിലറെ സമീപിക്കുന്നത്. അപ്പോഴേക്കും രണ്ടു കുടുംബങ്ങൾ തമ്മിൽ ശത്രുതയിലായിട്ടുണ്ടാകാം. പരസ്പരം ഒരു കോംപാറ്റിബിലിറ്റിയുമില്ലാത്ത ടോക്സിക് റിലേഷനുകൾക്ക് ഫുൾ സ്റ്റോപ്പ് ഇടുന്നതും മ്യുച്ചൽ ഡിവോഴ്സിന് അവരെ പ്രാപ്തരാക്കുകയുമാണ് വേണ്ടത്.
പങ്കാളികൾക്കു കുട്ടികൾ ഉണ്ടെങ്കിൽ തങ്ങളുടെ കുട്ടികൾക്കുവേണ്ടി സ്നേഹവും പരിലാളനയും സംരക്ഷണവും മികച്ച വിദ്യാഭ്യാസവും ലഭിക്കാൻ ഉപാദികളില്ലാത്ത പരസ്പരം സഹകരണത്തോടെ കരാറുകൾ ഉണ്ടാകുകയാണ് വേണ്ടത്.
'സെക്സ് അല്ലാത്ത എല്ലാ വിധ കാര്യങ്ങളിലും ഞാൻ അയാളിൽ തൃപ്തനാണ്. അതുകൊണ്ടു അയാളെ പിരിയാനോ പിരിഞ്ഞിരിക്കാനോ എനിക്ക് കഴിയില്ല' എന്ന് കൗൺസിലിംഗിൽ പറയുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ ലൈംഗികത ഇല്ലാത്തത് മാത്രം പിരിയാനായുള്ള ഒരു കാരണമായിട്ട് കാണേണ്ടതുമില്ല.
ലൈംഗികത ദാമ്പത്യത്തിന്റെ ഒരു പ്രധാന ഘടകമാണെങ്കിലും, അത് മാത്രമല്ല ബന്ധത്തെ നിർവചിക്കുന്നത്. സ്നേഹം, വിശ്വാസം, പരസ്പര പിന്തുണ എന്നിവയും അത്യാവശ്യമാണ്. ലൈംഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും, പക്ഷേ അതിന് സമയവും ക്ഷമയും ആവശ്യമാണ്. പങ്കാളികൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അവർക്ക് കൂടുതൽ സംതൃപ്തവും സന്തോഷകരവുമായ ദാമ്പത്യ ജീവിതം കെട്ടിപ്പടുക്കാൻ കഴിയും.
ബന്ധം നിലനിർത്താൻ കഴിയില്ലെങ്കിൽ മാത്രമേ നിയമപരമായി പിരിയുന്നതിനെക്കുറിച്ച് ചിന്തിക്കാവൂ. എല്ലാറ്റിനും മുകളിലുള്ള, പരസ്പര ബഹുമാനവും സമാധാനപരമായ സമീപനവുമാണ് പ്രധാനമായ കാര്യം.