പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ?; വലുപ്പത്തിന് പ്രാധാന്യമുണ്ടോ?: സംശയങ്ങൾക്ക് ഉത്തരം അറിയാം

 

ലൈംഗികബന്ധത്തെക്കുറിച്ച് നിരവധി സംശയങ്ങളും ഭയവും ഉണ്ടാകാറുണ്ട്. അവിവാഹിതർ പൊതുവേ ഉന്നയിക്കുന്ന ലൈംഗികസംശയങ്ങൾക്കുള്ള ശാസ്ത്രീയമായ ഉത്തരങ്ങള്‍ അറിയാം.

1. പങ്കാളിയെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ കഴിയുമോ എന്ന് ആശങ്കയുണ്ട്, അതു മാറ്റാനെന്തു ചെയ്യണം?
ലൈംഗിക കാര്യങ്ങളിൽ പൊതുവേ ആകാംക്ഷ/ആശങ്കകൾ കൂടുതലുള്ള ജനവിഭാഗമാണ് നമ്മുടേത്. കൗമാരത്തിൽതന്നെ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ അഭാവം മൂലമാണിത്. വിവാഹപൂർവ ലൈംഗിക കൗൺസലിങ്, വിവാഹശേഷമുള്ള ലൈംഗിക കൗൺസലിങ് ഇവ രണ്ടും ആവശ്യമാണ്. ലൈംഗിക കാര്യങ്ങളിൽ അറിവു നേട‍ാനും കാര്യങ്ങൾ വസ്തുനിഷ്ഠമായി മനസ്സിലാക്കാനും ലൈംഗിക കൗൺസലിങ് ആവശ്യമാണ്. ലൈംഗിക കൗൺസലിങ്ങിനു മനോരോഗവിദഗ്ധനെ സമ‍ീപിക്കുന്നതാണ് ഉചിതം. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പരസ്പരം തൃപ്തിപ്പെടത്തുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

2. ആദ്യരാത്രിയിൽ ലൈംഗികബന്ധം ആകാമേ‍ാ? നിയന്ത്രണം വേണമെന്നു പറയുന്നത് എന്തുകൊണ്ടാണ്?

വിവാഹച‌ടങ്ങിനുശേഷമുള്ള ആദ്യരാത്രി ലൈംഗികബന്ധം ആകാമെന്നോ, പാ‌ടില്ല എന്നോ ഒരു നിയമമോ നിബന്ധനയോ ഇല്ല. വധുവരന്മാർ‌ തമ്മിൽ ഒരു നല്ല സൗഹൃദബന്ധം പോലും രൂപപ്പെ‌ടുന്നതിനു മുമ്പുള്ള ലൈംഗികബന്ധം അപരിചിതർ തമ്മിൽ നടക്കുന്ന ഒരു ബന്ധം പോലെയായിരിക്കും. ജീവിതത്തിൽ ആദ്യത്തെ അനുഭവവും അനുഭൂതിയും ആയതുകൊണ്ട് ആകാംക്ഷയും അപരിചിതത്വവുമെല്ലാം അനുഭൂതിയുടെ ആസ്വാദ്യത കുറയ്ക്കാൻ സാധ്യതയുണ്ട്. പരിചയവും സൗഹൃദവും രൂപപ്പെട്ട് ഇഷ്ടാനിഷ്ടങ്ങൾ പരസ്പരം മനസ്സിലാക്കി ലൈംഗികബന്ധത്തിനുള്ള മാനസികമായുള്ള സമ്മതത്തോടും തയാറെടുപ്പോടും കൂടിയുള്ള ലൈംഗികബന്ധത്തിന് ആസ്വാദ്യത കൂടും. വിവാഹത്തിനു മുമ്പു പരിചയവും സൗഹൃദവും നിരന്തരമായ ആശയവിനിമയങ്ങളുള്ളവരിൽ പോലും വിവാഹദിവസത്തെ തിരക്കിട്ട പരിപാടികളുടെ ഇടയിൽ തയാറെടുപ്പില്ലാത്ത ലൈംഗികബന്ധം തുടക്കത്തിലേ താളം തെറ്റാനുള്ള സാധ്യതകൾ കൂട്ടും.

 

 

3. ലിംഗവലുപ്പം കുറഞ്ഞാൽ ആശങ്കപ്പെടേണ്ടതുണ്ടോ?
ലിംഗവലുപ്പം ലൈംഗികതയിൽ തികച്ചും അപ്രസക്തമാണ്. മ‍ാനസികമായ പൊരുത്തവും പരസ്പരമുള്ള സ്നേഹപരിഗണനകളുമാണ് ലൈംഗികതയുടെ ആരംഭവും അവസാനവും. പുരുഷന്റെ ഭംഗി പല സ്ത്ര‍ീകളും പലവിധത്തിലാണ് ആസ്വദിക്കുന്നത്. അസാധാരണമായ വലുപ്പമുള്ള ശരീരവും ലിംഗമടക്കമുള്ള ശാരീരിക അവയവങ്ങളും പല സ്ത്ര‍ീകളിലും ഭയവും ഉത്കണ്ഠയുമായിരിക്കും ഉണ്ടാക്കുക. ലൈംഗികബന്ധത്ത‍ിൽ ഏർപ്പെടുമ്പോൾ വേദനയുണ്ടാകുമോ എന്ന ഭീതിയും വരാം. എന്നാൽ ജന്മനാ ലിംഗത്തിന്റെ വലുപ്പം വളരെ കുറവാണ് എന്നു സംശയം തോന്നിയാൽ യൂറോളജിസ്റ്റിനെ കാണുക.

4. കന്യാചർമം പൊട്ട‍ുന്നതും രക്തസ്രാവവും ഭയപ്പെടുത്തുന്നു. എന്തു ചെയ്യണം?

കന്യാചർമം എന്ന ശരീരഭാഗം യോനിയുടെ ഏറ്റവും മുൻഭാഗത്തായി കാണുന്ന വളരെ ലോലമായ ഒരു ചർമപാളിയാണ്. ചിലരിൽ ജന്മസിദ്ധമായിതന്നെ കന്യാചർമം കാണാറില്ല. 60–70% പെൺകുട്ടികളിലും വളരെ കട്ടി കുറഞ്ഞ ഒരു ചർമമാണിത്. യോനീഭാഗങ്ങൾ കഴുകി വൃത്തിയാക്കുമ്പോഴോ കാഠിന്യമുള്ള ശാരീരിക പ്രവർത്തികളിൽ ഏർപ്പെടുമ്പോഴോ ചിലപ്പോൾ ഈ ചർമം പൊട്ടിപ്പോകാറുണ്ട്. മറ്റു ചിലരിൽ ആദ്യമായി ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴാണ് കന്യാചർമം പൊട്ടുന്നത്. ആദ്യ ലൈംഗികബന്ധ സമയത്ത് കന്യാചർമം പൊട്ടുന്നതു ലൈംഗിക ഉത്തേജനത്തിനിടയിൽ പലരും അറിയാറുപോലുമില്ല എന്നത‍ാണു യാഥാർഥ്യം. രണ്ടോമൂന്നോ ശതമാനം പെൺകുട്ടികളിൽ കന്യാചർമം പൊട്ടുമ്പോൾ വളരെ ലഘുവായ രക്തസ്രാവം ഉണ്ടായി എന്നുവരാം. കന്യാകത്വത്തിന്റെ ലക്ഷണമാണ് കന്യാചർമം എന്നും ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴാണ് കന്യാചർമം പൊട്ടുന്നത് എന്നെല്ലാമുള്ള ധാരണകൾ അടിസ്ഥാനമില്ലാത്തതാണ്. 

5. ശീഘ്രസ്ഖലനം നേരത്തേ തിരിച്ചറിയാമോ? എന്താണ് പരിഹാരം?
ഉത്തേജനത്തിന്റെ പാരമ്യത്തിലെ അനുഭ‍ൂതിയെ സ്ഖലനം എന്നു നിർവചിക്കാം. സ്ഖലനസമയത്ത് ശുക്ലം (പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ദ്രവവും പുരുഷബീജവും) പുരുഷ ലൈംഗികാവയവത്തിലൂടെ പുറത്തേക്കു വരുന്നു. പുരുഷന്മാരിൽ സ്ഖലനം സ്വയം ഭോഗം ചെയ്യുമ്പോഴും ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴുമാണ് ഉണ്ടാവുന്നത്. ചുരുക്കം ചിലരിൽ സ്വപ്നസ്ഖലനവും ഉണ്ടായേക്കാം. വിവാഹത്തിനു മുമ്പ് ശീഘ്രസ്ഖലനം ഉണ്ടോ എന്നു കണ്ടെത്താനുള്ള ശ്രമവും ചിന്തയും തന്നെ അപാകതയാണ്. സ്ത്രീകൾ രതിമൂർച്ഛയിൽ എത്താൻ കൃത്യമായി സമയം പറയുന്നില്ല. ചില സ്ത്രീകളിൽ അടുത്തടുത്ത് പല പ്രാവശ്യം രതിമൂർച്ഛ ഉണ്ടാകാറുണ്ട്.