കുടുംബത്തിലെ പല ആളുകൾ ഒരേ സോപ്പ് ഉപയോഗിച്ചാണോ കുളി?; ഈ കാര്യങ്ങൾ തീർച്ചയായും അറിയുക

 

മിക്ക കുടുംബത്തിലും പല ആളുകൾ ഒരേ സോപ്പ് ഉപയോഗിച്ചാണ് കുളിക്കാറുള്ളത്. പലവിധ ചർമ പ്രശ്നങ്ങൾ കുടുംബംഗങ്ങളിൽ ഉണ്ടെങ്കിൽ പോലും ഒരേ സോപ്പ് പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാൽ നാം കുളിക്കുന്ന സോപ്പിലും അണുക്കൾ വരാനുള്ള സാന്നിധ്യമുണ്ട്.

ഇന്ത്യന്‍ ജേണല്‍ ഓഫ് ഡെന്‍റല്‍ റിസര്‍ച്ചില്‍ 2006ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത് രണ്ട് മുതല്‍ അഞ്ച് വരെ വ്യത്യസ്ത തരം അണുക്കള്‍ സോപ്പില്‍ നിലനില്‍ക്കാമെന്നാണ്. 2015ല്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ഇന്‍ഫെക്‌ഷന്‍ കണ്‍ട്രോൾ എന്ന പ്രസിദ്ധീകരണത്തിൽ 62 ശതമാനം ബാര്‍ സോപ്പുകളിലും അണുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി വ്യക്തമാക്കുന്നു.

ഇ-കോളി, സാല്‍മൊണെല്ല,സ്റ്റാഫ്, ഷിഗെല്ല ബാക്ടീരിയകളും നോറോ,റോട്ടാ പോലുള്ള വൈറസുകളും സോപ്പില്‍ തങ്ങി നിൽക്കുകയും ശരീരത്തിലെ മുറിവിലൂടെയും മറ്റും അകത്ത് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 2008ല്‍ ഫ്ളോറിഡ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ ഒരേ സോപ്പ് ഉപയോഗിച്ച ഫുട്ബോള്‍ കളിക്കാര്‍ക്കിടയില്‍ അണുബാധ പടർന്നതായി വ്യക്തമായി. മെത്തിസില്ലിന്‍-റെസിസ്റ്റന്‍റ് സ്റ്റഫിലോകോക്കസ് ഓറിയസ് എന്ന സ്റ്റാഫ് അണുബാധയാണ് ഇവർക്ക് ഉണ്ടായത് .

അണുബാധ പടരാതിരിക്കാൻ ലിക്വിഡ് സോപ്പോ ബോഡി വാഷോ ഉപയോഗിക്കുന്നതാണ് ഉത്തമം. സോപ്പുകള്‍ പങ്കുവയ്‌ക്കേണ്ടി വരുന്ന ഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് മുന്‍പ് സോപ്പ് നന്നായി കഴുകി ഉപയോഗിക്കുക. ഉപയോഗ ശേഷം സോപ്പ് കട്ട ഉണക്കി സൂക്ഷിക്കണം. കാരണം നനഞ്ഞ പ്രതലങ്ങളിലാണ് ബാക്ടീരിയ വളരാന്‍ സാധ്യത കൂടുതലുള്ളത്.