ഷേവ് ചെയ്തതിന് ശേഷം ഇങ്ങനെ ഉണ്ടാകാറുണ്ടോ?; ഷേവ് ചെയ്യുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പുരുഷന്മാരും സ്ത്രീകളും ഇന്ന് മിക്കപ്പോഴും മുഖത്ത് ഷേവ് ചെയ്യുന്നവരാണ്. പുരുഷന്മാരെ സംബന്ധിച്ച് മിക്കവര്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും മുഖത്ത് ഷേവ് ചെയ്യേണ്ടിവരാം. ചിലരിലെങ്കിലും ഷേവ് ചെയ്യുന്നത് മുഖചര്‍മ്മത്തെ കാര്യമായി തന്നെ ബാധിക്കാറുണ്ട്. മുഖത്ത് ചൊറിച്ചില്‍, കുരു, ചെറിയ മുഴകള്‍ പോലെ വീര്‍ത്തുവരുന്നത്, പാടുകള്‍ എന്നിവയെല്ലാമാണ് അധികവും പ്രശ്നങ്ങളായി മുഖത്തുണ്ടാകാറ്.
സ്കിൻ വളരെയധികം ഡ്രൈ ആയിട്ടുള്ളവരിലാണ് ഈ സാധ്യത കൂടുതലും ഉണ്ടാകുന്നത്. ഇതിന് പുറമെ ഷേവ് ചെയ്യാനുപയോഗിക്കുന്ന ബ്ലേഡ്, ഷേവ് ചെയ്യുന്ന രീതി, ഷേവിംഗിന് മുമ്പോ ശേഷവോ മുഖത്ത് തേക്കുന്ന മറ്റ് പ്രോഡക്ടുകള്‍ എന്നിവയെല്ലാം ഷേവിംഗിന് ശേഷം പലതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കാം.
ചിലയാളുകളില്‍ ഷേവ് ചെയ്ത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത്തരം പ്രയാസങ്ങള്‍ കാണാം. ചിലരില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിഞ്ഞാകാം ഇവ അനുഭവപ്പെടുന്നത്. ഷേവ് ചെയ്തതിന് ശേഷം ചര്‍മ്മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ എല്ലായ്പോഴും മുഴുവനായി പരിഹരിക്കാൻ സാധിക്കണമെന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
ഷേവ് ചെയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- ഡ്രൈ സ്കിൻ ഉള്ളവര്‍ ഷേവിംഗിന് മുമ്പേ സ്കിൻ അല്‍പം മോയിസ്ചറൈസ്ച ചെയ്ത് വക്കാനാണ്. ആറ്-12 മണിക്കൂര്‍ മുമ്പ് തന്നെ മോയിസ്ചറൈസര്‍ തേച്ച് സ്കിന്നിനെ ഒന്ന് പരുവപ്പെടുത്തിയെടുക്കുന്നത് നന്നായിരിക്കും.
- ഷേവ് ചെയ്യുമ്പോള്‍ അസ്വസ്ഥതകള്‍ പതിവാണെങ്കില്‍ ഷേവിംഗ് സെറ്റ്, മറ്റ് പ്രോഡക്ടുകള്‍ എല്ലാം മാറ്റിനോക്കണം. എന്നിട്ടും പ്രശ്നങ്ങള്‍ തുടരുന്നുവെങ്കില്‍ ഷേവ് ചെയ്യുന്ന രീതിയിലാണ് ശ്രദ്ധിക്കേണ്ടത്.
- ഷേവ് ചെയ്യുമ്പോള്‍ നീളത്തിലുള്ള രോമങ്ങള്‍ ആദ്യം കട്ട് ചെയ്ത ശേഷം മാത്രം ഷേവിംഗിലേക്ക് കടക്കാം. ഇത് ചര്‍മ്മത്തില്‍ സമ്മര്‍ദ്ദമുണ്ടാകുന്നത് കുറയ്‌ക്കും അതിന് അനുസരിച്ച് മറ്റ് പ്രശ്നങ്ങളും കുറയും.
- രോമം വളര്‍ന്നിരിക്കുന്ന ദിശയില്‍ തന്നെയാണ് ഷേവ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷവും ചര്‍മ്മത്തിന് സമ്മര്‍ദ്ദമുണ്ടാകാം.
- മുഖം ഡ്രൈ ആയിരിക്കുമ്പോൾ ഷേവ് ചെയ്യരുത്. റേസർ ഉപയോഗിക്കുന്നതിന് മുൻപ്, മുഖം നന്നായി കഴുകുക.
- ചര്‍മ്മത്തിനകത്തേക്ക് ആഴത്തില്‍ പോയ രോമങ്ങള്‍ വലിച്ചെടുക്കാൻ ശ്രമിക്കാതിരിക്കുക. അത്തരം രോമങ്ങള്‍ വെട്ടിച്ചെറുതാക്കി നിര്‍ത്താനാണ് ശ്രമിക്കേണ്ടത്.
- ഷേവിംഗ് ക്രീമുകളും വളരെ നല്ലത് തന്നെ തെരഞ്ഞെടുത്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. സോപ്പോ, ഷവര്‍ ജെല്ലോ ഒന്നും ഇതിനായി ഉപയോഗിക്കാതിരിക്കുക.
- ഷേവിങ്ങിന് ശേഷം ഐസ് ഉപയോഗിക്കാം. അതിനുശേഷം, ആൻറിബയോട്ടിക് ക്രീമോ കറ്റാർ വാഴ ജെലോ പുരട്ടാം.
- ഒരേ റേസര്‍ ഉപയോഗിച്ച് വീണ്ടും വീണ്ടും ഷേവ് ചെയ്യുന്നത് ചര്‍മത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു. റേസറിലുള്ള ബാക്ടീരിയയും മറ്റും അപകടകരമാണ്. കൂടാതെ ഒത്തിരി ഉപയോഗിച്ച റേസറിന്റെ മൂര്‍ച്ച കുറയുന്നത് ഷേവിങ് പ്രയാസകരമാകും.
- ബ്ലേഡ് വൃത്തിയായി കഴുകാത്തതും പലപ്പോഴും ഷേവിങ്ങില്‍ വരുത്തുന്ന വലിയ തെറ്റാണ്. ഷേവ് ചെയ്യുമ്പോള്‍ ബ്ലേഡില്‍ മൃതചര്‍മം ഉണ്ടാവും. ഇത് വൃത്തിയായ രീതിയില്‍ കഴുകാതെ ഉപയോഗിക്കുമ്പോള്‍ അത് ഇന്‍ഫെക്ഷനു കാരണമാകും.