ദിവസേന ഗ്രീൻ ടീ കുടിക്കാറുണ്ടോ?; ശരീരത്തിന് സംഭവിക്കുന്നത് എന്താണെന്ന് അറിയാം

 

ആരോഗ്യം നിലനിർത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും നിരവധി പേർ ദിവസവും കുടിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ശരീരത്തിലെ എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കാറ്റെച്ചിനുകൾ സഹായിക്കുന്നുണ്ട്. ആന്റിഓക്‌സിഡന്റുകൾ, ഫ്ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യപരമായും സൗന്ദര്യപരമായും ഗ്രീൻ ടീ വളരെ നല്ലതാണ്. 

പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഗുണങ്ങളെ പോലെ ചില ദോഷങ്ങളും ഗ്രീൻ ടീയ്ക്ക് ഉണ്ട്. എന്നാൽ അത് അധികമാർക്കും അറിയില്ല. അവ എന്തെല്ലാമാണെന്ന് നോക്കിയാലോ

ഉറക്കമില്ലായ്മ
ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ അമിതമായി കുടിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തുകയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഉറങ്ങുന്നതിന് മുൻപ് ഗ്രീൻ ടീ കുടിക്കുന്നത് പ്രശ്‌നമാകുന്നു.

വയറിൽ അസ്വസ്ഥത
ഗ്രീൻ ടീ അമിതമായി കുടിച്ചാൽ വയറിൽ അസ്വസ്ഥത അനുഭവപ്പെടുന്നു. ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവയ്ക്കും കാരണമാകും. ഗ്രീൻ ടീയിലെ കഫീൻ, ടാനിൻ എന്നിവ അസിഡിറ്റി വർദ്ധിപ്പിക്കും.

ഇരുമ്പിന്റെ കുറവ്
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ടാനിൻ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ തടയുന്നു. ഇത് വിളർച്ചയ്ക്ക് കാരണമാകാം.

തലവേദന
ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് അമിതമായി കുടിക്കുന്നത് തലവേദനയ്ക്ക് കാരണമാകുന്നു.

അസ്ഥിയുടെ ആരോഗ്യം
അമിതമായി ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം കുറയ്ക്കുകയും അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.