വീട്ടിനുള്ളിൽ ഈ സസ്യങ്ങള്‍ വളർത്തൂ; ശുദ്ധവായു കൂടെ വരും

 

ഒരു പുതിയ ഇന്‍ഡോര്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ വീട്ടിനുള്ളിലെ വായു ശുദ്ധീകരണ സസ്യങ്ങള്‍ സഹായിക്കും. ഈ ചെടികള്‍ നിങ്ങളുടെ വീടിന് ഭംഗി കൂട്ടുക മാത്രമല്ല, വായുവില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ ഫില്‍ട്ടര്‍ ചെയ്യുകയും ചെയ്യുന്നു.

സ്‌പൈഡര്‍ പ്ലാന്റ്
ഏറ്റവും ഫലപ്രദമായ വായു ശുദ്ധീകരണ പ്ലാന്റുകളില്‍ ഒന്നാണ് സ്‌പൈഡര്‍ പ്ലാന്റ്. ഇത് ഫോര്‍മാല്‍ഡിഹൈഡ്, സൈലീന്‍ തുടങ്ങിയ മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. ഈ ചെടി പരിപാലിക്കാന്‍ എളുപ്പമാണ്, സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത അന്തരീക്ഷത്തിലും ഇവ നന്നായി വളരുന്നു. വീട്ടിനുള്ളിലെ വളര്‍ത്തുമൃഗങ്ങള്‍ക്കും ഇത് സുരക്ഷിതമാണ്.

പീസ് ലില്ലി
അമോണിയ, ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള കഴിവിന് പേരുകേട്ടതാണ് പീസ് ലില്ലി. മനോഹരമായ വെളുത്ത പൂക്കളുള്ള ഇതിന് കുറഞ്ഞ വെളിച്ചത്തില്‍ വളരാന്‍ കഴിയും. എന്നിരുന്നാലും, വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇതിലെ വിഷാംശം ദോഷകരമാകുമെന്നതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ കയറാത്ത ഇടങ്ങളില്‍ ഈ ചെടി വെക്കുക.

സ്‌നേക്ക് പ്ലാന്റ്
പാമ്പ് ചെടി എന്നറിയപ്പെടുന്ന സ്‌നേക്ക് പ്ലാന്റ് ഫോര്‍മാല്‍ഡിഹൈഡ്, സൈലീന്‍, ടോലുയിന്‍ തുടങ്ങി അന്തരീക്ഷത്തിലെ വിഷാംശം ഫില്‍ട്ടര്‍ ചെയ്യുന്നതില്‍ മികച്ചതാണ്. ഇത് പരിപാലിക്കാന്‍ വളരെ എളുപ്പമാണ്. കുറഞ്ഞ വെളിച്ചത്തെയും ജലാംശത്തെയും ഇവ അതിജീവിക്കും.

മുള ഈന്തപ്പന
വായുവില്‍ നിന്ന് ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ്, ട്രൈക്ലോറെത്തിലീന്‍ എന്നിവ നീക്കം ചെയ്യാന്‍ ബാംബൂ പാം പ്ലാന്റ് അഥവാ മുള ഈന്തപ്പന ഫലപ്രദമാണ്. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ലെങ്കിലും നല്ല വെളിച്ചവും എന്നും നനയ്ക്കലും ഇതിന് ആവശ്യമാണ്.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ ചര്‍മ്മസംരക്ഷണത്തിന് മാത്രമല്ല, വായു ശുദ്ധീകരിക്കാനും സഹായിക്കുന്നു. ഫോര്‍മാല്‍ഡിഹൈഡും ബെന്‍സീനും നീക്കം ചെയ്യാന്‍ ഇതിന് കഴിയും. കറ്റാര്‍ വാഴയ്ക്ക് ധാരാളം സൂര്യപ്രകാശവും ഇടയ്ക്കിടെ നനയും ആവശ്യമാണ്. ചെറിയ മുറിവുകള്‍ക്കും പൊള്ളലുകള്‍ക്കും ഇതിന്റെ ജെല്‍ ഉപയോഗിക്കാം.

ബോസ്റ്റണ്‍ ഫേണ്‍
ഫോര്‍മാല്‍ഡിഹൈഡ്, സൈലീന്‍ തുടങ്ങിയ മലിനീകരണം നീക്കം ചെയ്യുന്നതില്‍ ബോസ്റ്റണ്‍ ഫേണ്‍ മികച്ചതാണ്. ഉയര്‍ന്ന ആര്‍ദ്രതയും നേരിട്ടല്ലാത്ത വെളിച്ചവും ഇത് ഇഷ്ടപ്പെടുന്നു.

അരീക്ക പാം
അരീക്ക പാം മറ്റൊരു ഫലപ്രദമായ വായു ശുദ്ധീകരണ പ്ലാന്റാണ്. ഇത് സൈലീന്‍, ടോലുയിന്‍ തുടങ്ങിയ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു. ഈ ചെടിയുടെ വളര്‍ച്ചയ്ക്ക് നല്ല വെളിച്ചമുള്ള, നേരിട്ടല്ലാത്ത സൂര്യപ്രകാശം ആവശ്യമാണ്. ഇതിന് പതിവായി നനവ് ആവശ്യമാണ്.

ശീമയാല്‍
ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള വിഷവസ്തുക്കളെ വായുവില്‍ നിന്ന് നീക്കം ചെയ്യാനുള്ള കഴിവിന് പേരുകേട്ടതാണ് റബ്ബര്‍ പ്ലാന്റ് അഥവാ ശീമയാല്‍. നേരിട്ടല്ലെങ്കിലും ഇത് തെളിച്ചമുള്ള വെളിച്ചവും മിതമായ നനവും ഇഷ്ടപ്പെടുന്നു. ഈ ചെടിക്ക് വലുതും തിളങ്ങുന്നതുമായ ഇലകള്‍ ഉണ്ട്, അത് നിങ്ങളുടെ ഇന്‍ഡോര്‍ സ്‌പേസിന് ഭംഗി നല്‍കുന്നു.

ഡ്രാക്കീന
ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ്, ട്രൈക്ലോറോഎത്തിലീന്‍ തുടങ്ങിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ഡ്രാക്കീന സസ്യങ്ങള്‍ ഫലപ്രദമാണ്. അവ വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും വരുന്നു.

ഇംഗ്ലീഷ് ഐവി
വായുവിലെ പൂപ്പലും മറ്റ് വിഷവസ്തുക്കളും ഫില്‍ട്ടര്‍ ചെയ്യുന്നതില്‍ ഇംഗ്ലീഷ് ഐവി മികച്ചതാണ്. മിതമായ വെളിച്ചത്തില്‍ ഇത് നന്നായി വളരുന്നു, പതിവായി നനവ് ആവശ്യമാണ്. ഈ ചെടി തൂക്കുചട്ടിയിലോ വീടിനുള്ളില്‍ ഒരു ഗ്രൗണ്ട് കവറിലോ വളര്‍ത്താം. ഈ വായു ശുദ്ധീകരണ പ്ലാന്റുകള്‍ നിങ്ങളുടെ വീട്ടില്‍ ഉള്‍പ്പെടുത്തുന്നത് ഇന്‍ഡോര്‍ വായുവിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്താം.