രാവിലെ അലാറം അടിച്ചാലും ഉറക്കം എഴുന്നേൽക്കില്ലേ?; ഇതാ ചില സിംപിൾ ടെക്‌നിക്കുകൾ ഇവിടെയുണ്ട്

 

രാവിലെ ഉറക്കം എഴുന്നേൽക്കുകയെന്നാൽ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ ശീലമാക്കി മാറ്റിയാൽ അത് ആരോഗ്യത്തിനും ഉന്മേഷത്തിനും വളരെ നല്ലതാണ്. അതിരാവിലെ ഉറക്കം എഴുന്നേൽക്കാൻ അലാറം ഉപയോഗിക്കുന്നതാണ് നമ്മുടെ എല്ലാവരുടേയും ശീലം. എന്നാൽ അലാറം അടിച്ചാൽ അതിനെ സ്നൂസ് ചെയ്തിട്ട് വീണ്ടും ഉറങ്ങുന്നവരാണ് ഭൂരിഭാഗവും.

അലാറം അടിക്കാതെ തന്നെ നേരെത്തെ ഉണരാൻ ചില സിംപിൾ ടെക്നിക്കുകളുണ്ട്. രാവിലെ നേരത്തെ ഉണരാൻ മടിയാണ് പലർക്കും ഇത് മാറ്റിയെടുക്കാൻ നിരവധി മാർഗങ്ങളുണ്ട്. ശരിയായ ഉറക്കം ലഭിക്കുകയെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരുപാട് വൈകി ഉറങ്ങുന്ന ആളാണ് നിങ്ങളെങ്കിൽ ആദ്യം തന്നെ മാറ്റിയെടുക്കേണ്ടത് ഈ ശീലമാണ്. രാത്രി വൈകിയുള്ള മൊബൈൽ ഉപയോഗം ആദ്യം തന്നെ ഒഴിവാക്കണം. ഉറങ്ങാൻ കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോൺ ഉപയോഗം അവസാനിപ്പിക്കണം. കണ്ണുകളിലേക്ക് അമിതമായി വെളിച്ചമടിച്ചാൽ ഉറക്കം ലഭിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നതിനാലാണ് മൊബൈൽ ഒഴിവാക്കണമെന്ന് പറയുന്നത്.

ഉറങ്ങുന്നതിന് മുമ്പ് കണ്ണുകൾക്കും ഒപ്പം മനസ്സിനും വിശ്രമം നൽകുകയെന്നത് നല്ല ഉറക്കത്തിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്രയും ചെയ്ത ശേഷം ആദ്യം കുറച്ച് ദിവസം അലാറം വച്ച് തന്നെ ഉണരാൻ ശ്രമിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ അലാറം ഇല്ലാതെ തന്നെ ഉണരുന്നത് ഒരു ശീലമായി മാറും.