അടുക്കള എപ്പോഴും സുഗന്ധത്തോടെ നിലനിർത്താം; ദാ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

 

അടുക്കളയിൽ ദുർഗന്ധം തങ്ങിനിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഇത് വീടിൻറെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും. അതിനാൽ ദുർഗന്ധം ഇല്ലാതാക്കാൻ ഇതാ കുറച്ചു ടിപ്‌സ്.

ഡിഫ്യൂസർ 
പ്ലഗ് ഇൻ ചെയ്ത് ഉപയോഗിക്കാവുന്ന ഇലക്ട്രിക് ഡിഫ്യൂസറുകളും, പഴയ മട്ടിലുള്ള സാദാ ഡിഫ്യൂസറുകളുമെല്ലാം ഇന്ന് വിപണിയിൽ ലഭ്യമാണ്. സുഗന്ധ എണ്ണകളും മറ്റും ഇവയിൽ ചേർത്ത് ഉപയോഗിക്കാം. മുറി ദിവസം മുഴുവനും സുഗന്ധപൂരിതമായി നില്ക്കാൻ ഇത് സഹായിക്കും. 

ജനാലകൾ അടച്ചിടരുത്
അടുക്കള ജനാലകൾ എപ്പോഴും അടച്ചിടുന്നത് ഉള്ളിൽ ദുർഗന്ധം കെട്ടി നില്ക്കാൻ കാരണമാകും. ഇടയ്‌ക്കൊക്കെ ഇതൊന്നു തുറക്കാം, ശുദ്ധവായു അകത്തേക്ക് വരട്ടെ. ഇങ്ങനെ ചെയ്യുമ്പോൾ പഴയ വായു മാറി പുതിയ ഫ്രഷ് വായു അകത്തേയ്ക്ക് വരിക മാത്രമല്ല, സൂര്യപ്രകാശം അകത്തേയ്ക്ക് കടക്കുമ്പോൾ കിച്ചൻ സ്ലാബിലും മറ്റുമുള്ള അണുക്കളും നശിക്കും.

എക്‌സോസ്റ്റ് ഫാനുകൾ
അടുക്കളകളിൽ എക്‌സോസ്റ്റ് ഫാനുകൾ ഉണ്ടാകുമെങ്കിലും പലപ്പോഴും ഇത് എല്ലാവരും മറന്നുപോകും. ഇടയ്ക്കിടെ ഇത് ഓണാക്കുക എന്നതാണ് ദുർഗന്ധം ഒഴിവാക്കാനുള്ള മറ്റൊരു മാർഗം. അടുക്കളയിൽ ഫാനുകൾ ഉണ്ടെങ്കിൽ അവ ഇടയ്ക്കിടെ ഓൺ ആക്കുന്നതും നല്ലതാണ്. പാചകം ചെയ്തതിനു ശേഷം അടുക്കളയിൽ മസാലകളുടെയും മറ്റും ഗന്ധം തങ്ങിനിൽക്കാതിരിക്കാൻ ഇത് സഹായിക്കും. 

വേസ്റ്റ് ബിൻ 
അടുക്കളയിലെ ചവറ്റുകുട്ടയാണ് ദുർഗന്ധമുണ്ടാക്കുന്ന മറ്റൊരു വില്ലൻ. മാലിന്യങ്ങൾ രണ്ടു ദിവസത്തിൽ ഒരിക്കലെങ്കിലും കളയാൻ ശ്രദ്ധിക്കണം. വലിയ ചവറ്റുകുട്ടകൾക്ക് പകരം, അധികം മാലിന്യങ്ങൾ കൊള്ളാത്ത ചെറിയ ചവറ്റുകുട്ടകൾ ഉപയോഗിക്കാം. ഇങ്ങനെയാകുമ്പോൾ പെട്ടെന്ന് തന്നെ അവ നിറയുകയും വേഗം ഒഴിവാക്കുകയും ചെയ്യും. ചവറ്റുകുട്ടകളിലെ ദുർഗന്ധം ഒഴിവാക്കാനുള്ള വിവിധ പൊടികളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ബേക്കിംഗ് സോഡയും നാരങ്ങനീരും കലർത്തിയ മിശ്രിതം കൊട്ടയിലെക്ക് ഒഴിക്കുന്നതും ദുർഗന്ധം ഒഴിവാക്കാൻ സഹായിക്കും.

സ്പോഞ്ചുകളും തുണികളും
അടുക്കളയിൽ ദുർഗന്ധം ഉണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണമാണ് പഴക്കമേറിയ സ്പോഞ്ചുകളും തുണികളും. ഇവ ആഴ്ചയിൽ ഒരിക്കലെങ്കിലും അണുവിമുക്തമാക്കുകയും മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും ഇവ വൃത്തിയാക്കുകയും വേണം. മൈക്രോവേവിലോ ഡിഷ്വാഷറിലോ സ്‌പോഞ്ചുകളും തുണികളും അണുവിമുക്തമാക്കാവുന്നതാണ്. കഴുകിയ ശേഷം നല്ല വെയിലത്തിട്ട് ഉണക്കാനും ശ്രദ്ധിക്കണം. 

ഇടയ്ക്കിടെ തുടയ്ക്കുക
ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് പല അവശിഷ്ടങ്ങളും ചുവരിലേക്കും ഉപകരണങ്ങളിലേക്കും തെറിച്ചു വീഴാം. ഇതും ദുർഗന്ധത്തിന് കാരണമാകുന്നു. അതിനാൽ, ആഴ്ചയിൽ ഒരിക്കൽ അടുക്കളയുടെ മുക്കും മൂലയും തുടച്ചു വൃത്തിയാക്കുക. അടുക്കള വൃത്തിയാക്കാൻ സുഗന്ധമുള്ള അണുനാശിനികളും ഉപയോഗിക്കാം. ഫ്രിഡ്ജിൻറെ ഉൾവശവും പുറത്തും ഇടയ്ക്കിടെ വൃത്തിയാക്കാനും മറക്കരുത്. 

സിങ്ക് 
അടുക്കളയുടെ ഏറ്റവും പ്രധാനപ്പെട്ടതും പെട്ടെന്ന് ദുർഗന്ധമുണ്ടാക്കാൻ കാരണമാകുന്നതുമായ ഒരു ഭാഗമാണ് കിച്ചൻ സിങ്ക്. അടുക്കളയിലെ സിങ്കും ഡ്രെയിൻ ക്ലീനറും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ, അസുഖകരമായ ദുർഗന്ധം പുറത്തേയ്ക്ക് വമിക്കും. സിങ്കിൽ ഭക്ഷണാവശിഷ്ടങ്ങൾ കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇടയ്ക്കിടെ ഒരു ഡ്രെയിൻ അൺബ്ലോക്കർ ഉപയോഗിച്ച് സിങ്ക് ക്ലീൻ ചെയ്യുക.