ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് ഈ സാധനങ്ങള്‍  മുന്‍പ് കഴുകാറുണ്ടോ ?; എങ്കില്‍ സൂക്ഷിക്കുക

 

അധികം വന്ന ആഹാര സാധനങ്ങളും പച്ചക്കറികളും പഴങ്ങളുംകൊണ്ട് എപ്പോഴും ഫ്രിഡ്ജ് നിറഞ്ഞുതന്നെ ഇരിക്കും. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന സമയത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭക്ഷ്യ വിഷബാധയടക്കം പിടിപെടാന്‍ സാദ്ധ്യതയുണ്ട്.

പൊതുവേ പച്ചക്കറികളും പഴങ്ങളുമൊക്കെ കഴുകി വൃത്തിയാക്കിയ ശേഷമായിരിക്കും ഫ്രിഡ്ജില്‍ വയ്ക്കുക. എന്നാല്‍ എല്ലാ പച്ചക്കറികളും പഴങ്ങളും ഇത്തരത്തില്‍ കഴുകി ഫ്രിഡ്ജില്‍ വയ്ക്കുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യും.

പ്രത്യേകിച്ച് കാരറ്റ്, ഓറഞ്ച്, കോളിഫ്‌ളവര്‍ പോലുള്ളവ. ഇവ കഴുകിയ ശേഷം, വെള്ളം പൂര്‍ണമായും കളയാതെ ഫ്രിഡ്ജില്‍ വച്ചാല്‍ അമിതമായ ഈര്‍പ്പമുണ്ടാകും. അതുവഴി ബാക്ടീരിയകളുടെ വളര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ട്.

എന്നാല്‍ കറിവേപ്പിലയും പച്ചമുളകുമൊക്കെ നന്നായി കഴുകിയിട്ട് വേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍. കഴുകിയ ശേഷം വെള്ളം പൂര്‍ണമായും കളയണം. അല്ലെങ്കില്‍ പെട്ടെന്ന് ചീത്തയാകും. ശേഷം വായു ഒട്ടും കടക്കാത്ത ബോക്സുകളില്‍ വേണം സൂക്ഷിക്കാന്‍.

ഉള്ളിയും ഉരുളക്കിഴങ്ങും ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്നതാണ് അടുത്ത കാര്യം. ഇവ ഒന്നിച്ചുവച്ചാല്‍ പെട്ടന്ന് അഴുകാന്‍ സാദ്ധ്യതയുണ്ട്. പാകം ചെയ്ത ആഹാരം ഫ്രിഡ്ജില്‍ തുറന്നിടരുതെന്നും അവ നന്നായി അടച്ചുവയ്ക്കണമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടാറുണ്ട്.