കറിയിൽ എരിവ് കൂടിപ്പോയോ ?; ഈ ടിപ്സ് പരീക്ഷിച്ചോളൂ
പലപ്പോഴും പലർക്കും സംഭവിക്കുന്ന ഒന്നാണ് കറികളിൽ എരിവ് കൂടി പോകുന്നത്. എരിവ് കുറഞ്ഞുപോയാല്‍ പരിഹരിക്കാന്‍ എളുപ്പമാണ്. പക്ഷേ എരിവ് കൂടി പോയാൽ പ്രശ്നം വഷളാകും. ചില കാര്യങ്ങള്‍ ചെയ്ത് അത് പരിഹരിക്കാം. ആ ടിപ്സ് നോക്കാം
കറികളില്‍ എരിവ് കൂടിയാലും ഉപ്പ് കൂടിയാലും ഒരുപോലെ ചെയ്യാവുന്ന ഒന്നാണ് അതിലേയ്ക്ക് ഉരുളക്കിഴങ്ങ് ചേര്‍ത്തുകൊടുക്കുകയെന്നത്. ഇത് വെന്തുകഴിഞ്ഞാല്‍ എടുത്തുമാറ്റണമെങ്കില്‍ മാറ്റാം. അധികമുള്ള എരിവ് ഇതോടെ കുറഞ്ഞുവരും.
എരിവ് കൂടിയാല്‍ കുറച്ച് ടൊമാറ്റോ കെച്ചപ്പ് ചേര്‍ക്കുകൊടുക്കുന്നതും ഗുണം ചെയ്യും.ഇതും എരിവ് കുറയ്ക്കാന്‍ സഹായിക്കും. തക്കാളി അരച്ചുചേര്‍ക്കുന്നതിനെക്കാള്‍ കെച്ചപ്പ് ചേര്‍ക്കുന്നത് തന്നെയാണ് നല്ലത്. ചിലര്‍ തക്കാളി അരച്ച് ചേര്‍ക്കാറുണ്ട്. കറികള്‍ക്കനുയോജ്യമായ രീതിയും ഇവ ചേര്‍ക്കാന്‍ ശ്രദ്ധിക്കാം. പഞ്ചസാര അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള മധുരം എരിവ് കുറയ്ക്കാൻ സഹായിക്കുന്ന ചേരുവയാണ്. എന്നാൽ വളരെ കുറഞ്ഞ അളവിൽ മാത്രം ഇത് ഉപയോഗിക്കാം.
കറിയില്‍ എരിവ് കൂടിയാല്‍ കറിയിലേക്ക് കുറച്ച് പുളിയില്ലാത്ത കട്ടത്തൈര് ചേര്‍ത്തുകൊടുക്കണം. ഇതും കറിയിലെ മസാലകളും എരിവും കുറയ്ക്കാന്‍ സഹായിക്കും. കട്ടത്തൈര് അല്ലെങ്കില്‍ ക്രീമും ഇതുപോലെ ചേര്‍ത്തുകൊടുക്കാം.
എരിവ് കൂടിപ്പോയി എന്നാൽ മറ്റ് ചേരുവകൾ ചേർത്ത് പ്രശ്നം കൂടുതൽ രൂക്ഷമാകുമോ എന്ന ഭയമാണോ? എങ്കിൽ അതിനൊപ്പം വിളമ്പുന്ന ഭക്ഷണത്തിൻ്റെ കാര്യം ശ്രദ്ധിച്ചാൽ മതിയാകും. അയഞ്ഞ ഘടനയുള്ള, കട്ടി കുറഞ്ഞ, സ്റ്റാർച്ചിയായിട്ടുള്ള ഭക്ഷണങ്ങൾക്കൊപ്പം കറി കഴിക്കാം. ചോറ്, പാസ്ത്, ഉരുളക്കിഴങ്ങ് പുഴുങ്ങിയത് എന്നിവയൊക്കെ അങ്ങനെയുള്ള കോമ്പിനേഷനാണ്.
പാലുപത്പന്നങ്ങൾ എരിവിൻ്റെ കാഠിന്യം കുറയ്ക്കാൻ ഉപയോഗിക്കാം. പാല്, സോറ് ക്രീം, യോഗർട്ട് എന്നിവയൊക്കെ കറിയുടെ പ്രകൃതം അനുസരിച്ച് ഉപയോഗിക്കാം. ഇവ കൂടിയ തീയിൽ ചേർത്താൽ പിരിഞ്ഞു പോകാനുള്ള സാധ്യതയുണ്ടെന്ന് ഓർക്കണം. തേങ്ങാപ്പാൽ പാലുത്പന്നമല്ല, പക്ഷേ രുചി വർധിപ്പിക്കാനും എരിവ് കുറയ്ക്കാനും ഇത് ഉപയോഗിക്കാം.
വളരെ എരിവ് തോന്നുന്ന ഒരു വിഭവത്തിൻ്റെ രുചി മെച്ചപ്പെടുത്താൻ പറ്റിയ വിദ്യയാണ് കൂടുതൽ ചേരുവകൾ ചേർക്കുക എന്നത്. സൂപ്പ് അല്ലെങ്കിൽ സ്റ്റ്യൂ പോലെയുള്ളവയാണെങ്കിൽ കുറച്ചു കൂടി വെള്ളം, പച്ചക്കറികൾ, കോൺഫ്ലോർ എന്നിവയൊക്കെ ചേർക്കാം. ഇത് എരിവ് കുറച്ച് കറിക്ക് കൂടുതൽ രുചിയും ഗുണവും നൽകും.