തുണികളിലെ എത്ര കട്ടിയുള്ള കറയും കളയാം; ഇതാ ചില വഴികൾ

 

മിക്കവാറും സ്കൂളുകളിലും വെള്ള വസ്ത്രങ്ങളായിരിക്കും യൂണിഫോം. കൂടാതെ വെള്ള മുണ്ടും ഷർട്ടും സാരിയുമൊക്കെ പതിവായി അണിയുന്നരും ഈ പ്രശ്നങ്ങൾ നേരിടാറുണ്ട്. ഭക്ഷണത്തിൽ നിന്നുണ്ടാവുന്ന കറയാണെങ്കിൽ എത്ര കഴുകിയാലും പാടുകൾ അവശേഷിക്കും. എന്നാൽ ഇതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന പരിഹാരമുണ്ട്. പേനയുടെ മഷി, കളർ പേനയുടെ നിറം അടക്കം എത്ര കട്ടിയുള്ള കറയും എളുപ്പത്തിൽ നീക്കാൻ ഈ വിദ്യ പ്രയോഗിക്കാം.

വീട്ടിലുള്ള ഏതെങ്കിലും ബോഡി സ്‌പ്രേ അല്ലെങ്കിൽ പെർഫ്യൂം ഇതിനായി ഉപയോഗിക്കാം. കറയുള്ള ഭാഗത്ത് സ്‌പ്രേ ചെയ്തുകൊടുത്തതിനുശേഷം വിരലുകൾ ഉപയോഗിച്ച് നന്നായി ഉരസുമ്പോൾ തന്നെ കറ അപ്രത്യക്ഷമാവുന്നതായി കാണാം. കറ പൂർണമായി പോയില്ലെങ്കിൽ സ്‌പ്രേ ചെയ്ത് ഉരസിയതിനുശേഷം വെള്ളനിറത്തിലെ ടൂത്ത് പേസ്റ്റ് കറയുള്ള ഭാഗത്ത് പുരട്ടണം. ഇനി ഒരു ബ്രഷ് ഉപയോഗിച്ച് ഉരസിയതിനുശേഷം തുണി വെള്ളമൊഴിച്ച് കഴുകിയെടുക്കാം.

കറ പൂർണമായും പോയിക്കിട്ടും. നിറമുള്ള വസ്ത്രങ്ങളിലെ കറയും ഇത്തരത്തിൽ മാറ്റിയെടുക്കാം. ഭക്ഷണത്തിന്റെ കറയാണെങ്കിൽ ആദ്യം വെള്ളമുപയോഗിച്ച് കഴുകിയതിനുശേഷം സ്‌പ്രേ ചെയ്ത് പേസ്റ്റ് പുരട്ടി കഴുകിയെടുക്കാം. എണ്ണക്കറ കളയാൻ സ്‌പ്രേ ചെയ്യേണ്ടതില്ല. പേസ്റ്റ് പുരട്ടി ഉരസിയതിനുശേഷം വെള്ളമൊഴിച്ച് കഴുകിയാൽ മതി, കറ പൂ‌ർണമായും അപ്രത്യക്ഷമാവും.