വേനലിൽ ചർമത്തിനും വേണം പ്രത്യേക കരുതൽ:  ഇനി പണം കളയണ്ട; ഫെയ്സ്‍വാഷിന് പകരം പാൽ, തക്കാളിയും മികച്ച പോംവഴി

 

ശരീരത്തിനും നല്ല ശ്രദ്ധവേണ്ട സമയമാണ് വേനൽക്കാലം. ചർമത്തെ സംരക്ഷിക്കാനായി വീട്ടിലുള്ള സാധനങ്ങൾ കൊണ്ടൊരു കുറുക്കുവഴിയുണ്ടെങ്കിലെന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാൽ ഇനി നിങ്ങൾക്ക് ആശ്വസിക്കാം.

വേനലിൽ നിന്ന് ചർമത്തെ രക്ഷിക്കാൻ വീട്ടിൽതന്നെ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ചുള്ള ചില പൊടിക്കൈകൾ നോക്കാം.

ചർമത്തിന്റെ വരൾച്ച മാറ്റാൻ പാൽ

പൊടിയും അഴുക്കും ധാരാളമായി അടിഞ്ഞുകൂടുമെന്നതിനാൽ മുഖം വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. ഫെയ്സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് പലപ്പോഴും ചർമം വരളാൻ ഇടയാക്കും. ഇതിനു പകരമായി പാലിൽ കോട്ടൺ ബോൾ മുക്കി മുഖം തുടയ്ക്കാം. തൈരും തേനും ചേർത്ത് മുഖത്തിട്ട് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുന്നതും മികച്ച ഫലം നൽകും. 

മൃതകോശങ്ങളകറ്റാൻ കടലമാവ്

ആഴ്ചയിൽ 2 ദിവസമെങ്കിലും ചർമത്തിലെ മൃതകോശങ്ങൾ നീക്കണം. കടലമാവും പാലും ഓട്സും നാരങ്ങാനീരും ചേർത്ത് പേസ്റ്റാക്കി മുഖത്തിടാം. 10 മിനിറ്റിനുശേഷം നന്നായി മസാജ് ചെയ്തതിന് ശേഷം കഴുകിക്കളയാം. മുഖക്കുരു ഉണ്ടെങ്കിൽ മുൾട്ടാണിമിട്ടി, റോസ് വാട്ടർ, ചന്ദനം എന്നിവ ചേർത്ത് ഉപയോഗിക്കാം.

കരുവാളിപ്പിന് തക്കാളി

വേനൽക്കാലത്തെ ഏറ്റവും വലിയ പ്രശ്നമാണ് കരുവാളിപ്പ്. വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ കരുവാളിപ്പ് മാറാൻ മാസങ്ങൾ വേണ്ടിവരും. പുറത്തുപോയി വരുന്ന ഉടൻതന്നെ തക്കാളി നീരു പുരട്ടാം. എണ്ണമയമുള്ള ചർമക്കാർക്ക് അൽപം നാരങ്ങാനീരുകൂടി ചേർത്ത് ഉപയോഗിക്കാം.

കൂളാകാൻ അലോവേര

ചർമത്തിന് കൂളിങ് നൽകാൻ ചെലവുകുറഞ്ഞ മാർഗങ്ങളിലൊന്നാണ് അലോവേര. അലോവേരയുടെ നീര് ഫ്രിജിൽ വച്ച് തണുപ്പിച്ചെടുത്തതിന് ശേഷം കോട്ടൺ തുണിയിൽ പൊതിഞ്ഞ് മുഖത്ത് മസാജ് ചെയ്യാം. മുഖം ഫ്രഷ് ആവുകയും അഴുക്കുകൾ മാറുകയും ചെയ്യും.

മൃദുവാക്കാൻ ഏത്തപ്പഴം

ഏത്തപ്പഴം ഉടച്ചതിലേക്ക് പാലോ മുട്ടയുടെ വെള്ളയോ ചേർത്ത് മുഖത്തു പുരട്ടാം. 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ചർമത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ മോയിസ്ചർ, പൊട്ടാസ്യം, വൈറ്റമിൻ ഇ തുടങ്ങിയവ ഏത്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യാവുന്നതാണ്. 

പുറത്തു പോകുമ്പോഴെല്ലാം ഒരു സ്പ്രേയിങ് ബോട്ടിലിൽ റോസ് വാട്ടർ കരുതാം. ചർമത്തിന് ക്ഷീണം തോന്നുമ്പോഴെല്ലാം മുഖത്തേക്ക് സ്പ്രേ ചെയ്താൽ മതി. കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ ചർമം ഫ്രഷാകും.