കറി ഉണ്ടാക്കി സമയം കളയണ്ട; അടിപൊളി രുചിയിൽ ഒരു വെജിറ്റബിൾ മസാല റൈസ് തയ്യാറാക്കാം
എല്ലാ ദിവസവും ഉച്ചയ്ക്ക് ചോറാണോ? എങ്കിൽ ഇത്തവണ ഒന്ന് മാറ്റിപ്പിടിച്ചാലോ? പല തരത്തിലുള്ള പച്ചക്കറികളെല്ലാം ചേർത്ത് കിടിലൻ രുചിയിൽ ഒരു മസാല റൈസ് തയ്യാറാക്കാം. ഉത്തരേന്ത്യയിലൊക്കെ ഇതിനെ തെഹ്‌രി എന്നാണ് വിളിക്കുന്നത്. തെഹ്‌രി അഥവാ വെജിറ്റബിൾ മസാല റൈസ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ഒരു പാൻ ചൂടാക്കി അതിൽ നെയ്യ് ചേർക്കുക. നെയ്യ് ചൂടാകുമ്പോൾ അതിലേയ്ക്ക് കറുവയില, ഏലയ്ക്ക, കുരുമുളക്, കറുവപ്പട്ട എന്നിവ ചേർത്ത് വഴറ്റുക. ഇനി ഇതിലേയ്ക്ക് ജീരകം, അരിഞ്ഞ് വെച്ച സവാള എന്നിവ ചേർത്ത് സവാള സ്വർണ്ണ നിറമാകുന്നതു വരെ വഴറ്റുക.
പച്ചമുളക് കൂടെ ചേർത്ത് എല്ലാം നന്നായി ഇളക്കുക. ഇനി അരിഞ്ഞ് വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും ചേർത്ത് ഇളക്കുക. ഇനി അരിഞ്ഞെടുത്ത ബീൻസ്, കോളിഫ്‌ളവർ എന്നിവ കൂടെ ചേർത്തിളക്കി പാകം ചെയ്തെടുക്കുക.
ഇനി ഗ്രീൻ പീസ്, തക്കാളി എന്നിവയും ചേർത്ത് എല്ലാം കൂട്ടിയിളക്കി പാകം ചെയ്യണം. ഇതിലേയ്ക്ക് തൈര് കൂടെ ചേർത്ത് എല്ലാം നന്നായി ഇളക്കിയ ശേഷം മുളക് പൊടി, മഞ്ഞൾ, മല്ലിപൊടി എന്നിവ കൂടെ ചേർത്ത് യോജിപ്പിക്കുക.
ഇതിലേയ്ക്ക് കഴുകി വെച്ചിരിക്കുന്ന ബസുമതി അരി കൂടെ ചേർത്ത് ഇളക്കുക. ശ്രദ്ധയോടെ വേണം ഇളക്കാൻ. അരി പൊടിഞ്ഞ് പോകാതെ നോക്കേണ്ടതുണ്ട്. ആവശ്യത്തിന് വെള്ളം കൂടെ ഇതിലേയ്ക്ക് ചേർക്കാം.
വെള്ളം തിളച്ച് വരുമ്പോൾ ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇളക്കി കൊടുത്ത ശേഷം അടച്ച് വെച്ച് മീഡിയം തീയിൽ ഏകദേശം പത്ത് മിനിറ്റ് പാകം ചെയ്യുക. രുചികരമായ മസാല റൈസ് തയ്യാറായി.