കൂടുതല്‍ സമയം തുടര്‍ച്ചയായി ടിവിക്ക് മുന്നില്‍ ചെലവഴിക്കുന്നവരാണോ..?; ജാഗ്രത

 

കൂടുതല്‍ സമയം തുടര്‍ച്ചയായി ടിവിക്ക് മുന്നില്‍ ചെലവഴിക്കുന്ന ശീലമുള്ളവര്‍ കുറച്ച് ജാഗ്രത പാലിക്കുന്നതാണ് നല്ലത്. കാരണം ഇത്തരക്കാര്‍ വളരെ വേഗം മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിനുള്ളില്‍ രക്ത കട്ടപിടിക്കുന്ന അവസ്ഥയാണ് തുടര്‍ച്ചയായി ഏറെ നേരം ടിവിക്ക് മുന്നില്‍ ചടഞ്ഞിരിക്കുന്നവരെ പിടികൂടുക. വൈദ്യശാസ്ത്രത്തില്‍ പള്‍മനറി എംബോളിസം എന്നറിയപ്പെടുന്ന ഈ അവസ്ഥ ഉണ്ടാകാന്‍ കാരണമാകുന്നത്, രക്തപ്രവാഹത്തിന് വേഗം കുറയുന്നത് മൂലമാണ്.

ദിവസം രണ്ടര മുതല്‍ 4.9 മണിക്കൂര്‍ നേരം വരെ ടിവി കാണുന്നവരിലാണ് പള്‍മനറി എംബോളിസം വരാനുള്ള സാധ്യത കൂടുതലാകുന്നത്. അഞ്ചുമണിക്കൂറിലധികം തുടര്‍ച്ചയായി ടിവി കാണുന്നവരില്‍ പള്‍മനറി എംബോളിസം വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. പള്‍മനറി എംബോളിസം വഴിയുള്ള മരണങ്ങളില്‍ 40 ശതമാനവും അഞ്ചു മണിക്കൂറില്‍ അധികം ടിവി കാണുന്നവരിലാണ് സംഭവിച്ചിട്ടുള്ളതെന്നും പഠനം അടിവരയിടുന്നു. പള്‍മനറി എംബോളിസം വഴിയുള്ള മരണത്തിന്റെ കാരണം കണ്ടെത്താന്‍ പലപ്പോഴും സാധിക്കാറില്ലെന്നും പറയപ്പെടുന്നു.

ഇങ്ങനെ വരുന്ന മരണങ്ങള്‍ ഹൃദയാഘാതമാണെന്ന് തെറ്റിദ്ധരിക്കപ്പെടാറാണ് ഉള്ളത്. പള്‍മനറി എംബോളിസത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദനയും ശ്വാസമുട്ടുമാണ്. ഏറെ നേരം അനങ്ങാതെ ഒരേ അവസ്ഥയില്‍ ടിവിക്ക് മുന്നില്‍ ഇരിക്കുമ്പോള്‍, രക്തപ്രവാഹത്തിന് വേഗം കുറയുമെന്നാണ് ഒസാക സര്‍വ്വകലാശാലയില്‍ നിന്നുള്ള പഠനസംഘം പറയുന്നത്. ശ്വാസകോശത്തിലേക്ക് രക്തമെത്തുന്നത് വളരെ വലുപ്പം കുറഞ്ഞ രക്തക്കുഴലുകള്‍ വഴിയാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലായിരിക്കും. ഇത് മരണത്തിലേക്ക് നയിക്കുന്നു.