എന്താണ് ചെള്ള് പനി; രോഗ ലക്ഷണങ്ങൾ അറിയാം

 

ചെള്ള് പനി അഥവാ സ്‌ക്രബ് ടൈഫസ് കേരളത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ആണ് ചെള്ള് പനി സ്ഥിരീകരിച്ചത്. കൊച്ചിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്.

ഈ സാഹചര്യത്തിൽ എന്താണ് ചെള്ളുപനിയെന്നും അതിന്റെ ലക്ഷണങ്ങളും പ്രതിരോധവും തിരിച്ചറിയേണ്ടത് അനിവാര്യമാണ്. നിസാരമായി കണ്ട് തള്ളിക്കളയേണ്ട ഒരു രോഗമല്ല ചെള്ള് പനി. തുടക്കത്തിലേ ചികിത്സ തേടിയില്ലെങ്കില്‍ ഗുരുതരമായി മരണത്തിലേക്ക് വരെ എത്തിക്കുന്ന രോഗാവസ്ഥയാണ് ചെള്ള് പനി.

എലി,പൂച്ച,അണ്ണാന്‍ തുടങ്ങിയവയില്‍ ആണ് ഇത്തരത്തില്‍ ഉള്ള ചെള്ള് കാണപ്പെടുന്നത്. എന്നാല്‍ മറ്റ് മൃഗങ്ങളില്‍ ഇത് രോഗം പരത്തുന്നില്ല. പുല്ലുകൾക്കിടയിലും ഇത്തരം ചെള്ളുകളുടെ സാന്നിധ്യമുണ്ട്. പുല്ലിനിടയിലൂടെ നടക്കുമ്പോൾ അവ മനുഷ്യശരീരത്തിൽ കയറുകയും കടിക്കുകയും ചെയ്യുന്നു.

ചെള്ളിന്റെ കടിയേല്‍ക്കുക വഴി ഇവയുടെ ലാര്‍വ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് രോഗം എത്തുന്നത്. റിക്കറ്റ്‌സിയേസി ടൈഫി വിഭാഗത്തില്‍പെട്ട ബാക്ടീരിയയാണ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പരത്തുന്ന ഈ രോഗത്തിന് കാരണം.

ചെള്ള് കടിച്ച് 10- 12 ദിവസം കഴിഞ്ഞാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ചെള്ളിന്റെ കടിയേറ്റ സ്ഥലത്തു നിന്നും ബാക്ടീരിയ രക്തത്തിലേക്ക് കടന്ന് ഇവ പെരുകി ശരീരത്തില്‍ വളരുന്നു. ശരീരത്തില്‍ ഉണ്ടാവുന്ന കറുത്ത പാടുകളാണ് ആദ്യ ലക്ഷണം. ഇതിനോടൊപ്പം തലവേദന, പനി,അതികഠിനമായ രീതിയില്‍ ചുമ, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, ശരീരം വിറക്കുന്നത് എല്ലാം ലക്ഷണങ്ങളാണ്.

വിറയലോട് കൂടിയ പനിയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇത് പിന്നീട് കറുത്ത വ്രണം പോലെ കാണപ്പെടുന്നു. കക്ഷം, കാലിന്റെ അടിഭാഗം, കഴുത്ത്, സ്വകാര്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരം പാടുകള്‍ കാണപ്പെടുന്നു. കണ്ണ് വേദനയും, കഴല വീക്കവും, വരണ്ട ചുമയും എല്ലാം ഇതോടനുബന്ധിച്ച് ഉണ്ടാവുന്നുണ്ട്. ഇത് പിന്നീട് ഹൃദയത്തേയും തലച്ചോറിനേയും ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു.

രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ ശ്വേതാണുക്കളുടെ കുറവനുഭവപ്പെടുന്ന ല്യൂക്കോപീനീയ എന്ന അവസ്ഥയുണ്ടാകുന്നു. രോഗത്തിന്റെ അവസാന ഘട്ടത്തില്‍ എന്‍സൈഫലൈറ്റിസ്, മയോകാര്‍ഡിറ്റിസ്, ന്യൂമോണിറ്റിസ് തുടങ്ങിയവ കണ്ടു വരുന്നു.പ്രതിരോധം ചെള്ളിന്റെ കടിയേല്‍ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടിയുള്ള മുന്‍കരുതല്‍ എടുക്കുക.

റബ്ബർത്തോട്ടങ്ങൾ, കൃഷിയിടങ്ങൾ, പുല്ലും കുറ്റിക്കാടുമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവർ, വീട്ടിൽ വളർത്തുമൃഗങ്ങളുള്ളവർ എന്നിവരും പ്രത്യേകം ശ്രദ്ധിക്കണം. പുറത്ത് ജോലിക്ക്‌ പോകുന്നവർ ശരീരഭാഗങ്ങൾ മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിയ്‌ക്കുക. പ്രാണികളെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക.പുറത്ത് പോയി വന്നതിനു ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈയ്യും കാലും വൃത്തിയാക്കേണ്ടതാണ്.

ചെള്ള് പനിക്ക് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള രോഗങ്ങളുടെ ലക്ഷണങ്ങളോട് സാമ്യമുള്ളതിനാല്‍ രോഗനിര്‍ണയം എന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.രക്തപരിശോധനയിലൂടെ രോഗാണുസാന്നിധ്യം കണ്ടെത്താനാകും. എലിപ്പനിക്ക്‌ നൽകുന്ന ആന്റിബയോട്ടിക്കുകൾ തന്നെയാണ് ചെള്ളുപനിക്കും നൽകുന്നത്. ശരിയായ സമയത്ത് കൃത്യമായ ചികിത്സ ലഭിച്ചാൽ രോഗമുക്തി ഉറപ്പാക്കാനാകും.