സ്റ്റാറ്റസ് ഇട്ടത് ഗ്രൂപ്പിൽ അറിയിക്കാം; ഇൻസ്റ്റാഗ്രാമിന് സമാനമായ ഫീച്ചർ എത്തി: പുതിയ കിടിലൻ അപ്‌ഡേറ്റുമായി വാട്‌സാപ്പ്

 

വാട്സാപ്പില്‍ ഒരു സ്റ്റാറ്റസ് ഇട്ടാല്‍ അത് എത്രയാളുകള്‍ കണ്ടുവെന്ന് ഇടയ്ക്കിടയ്ക്ക് എടുത്തുനോക്കുന്നവരാണ്‌ നമ്മൾ. സ്റ്റാറ്റസ് വ്യൂ കുറഞ്ഞാൽ വിഷമിക്കുന്നവരുമുണ്ട്. ഇതിന് പരിഹാരമായി ഒരു കിടിലന്‍ അപ്ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സാപ്പ്.

ഇന്‍സ്റ്റഗ്രാമിലേതുപോലെ സ്റ്റാറ്റസുകളില്‍ കോണ്ടാക്ടിലുള്ളവരെ മെന്‍ഷന്‍ ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ നമ്മളൊരു സ്റ്റാറ്റസ് ഇട്ടാല്‍ ഗ്രൂപ്പിനെ മൊത്തം അറിയിക്കാം. അവരെ മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്യാനും സാധിക്കും.

വാട്‌സാപ്പിന്‍റെ പുതിയ ബീറ്റ പതിപ്പിലാണ് സ്റ്റാറ്റസ് ലവേഴ്സിനായുള്ള ഈ കിടിലന്‍ അപ്ഡേറ്റ് ലഭിക്കുക. നിലവില്‍ അഞ്ച് വ്യക്തികളെയാണ് ഒരു സ്റ്റാറ്റസില്‍ മെന്‍ഷന്‍ ചെയ്യാന്‍ സാധിക്കുക. ഗ്രൂപ്പുകളെ മെന്‍ഷന്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളില്‍ മെന്‍ഷന്‍ ചെയ്യേണ്ടതുമില്ല,

ഗ്രൂപ്പിനെ മെൻഷൻ ചെയ്യുന്നതിലൂടെ അംഗങ്ങൾക്ക് മെന്‍ഷനെക്കുറിച്ച് അറിപ്പ് ലഭിക്കും. ഇതിലൂടെ അംഗങ്ങള്‍ക്ക് സ്റ്റാറ്റസ് കാണാം. ഗ്രൂപ്പ് ചാറ്റുകള്‍ നിശബ്ദമാക്കി വെക്കുന്നവർക്ക് ഗ്രൂപ്പിനെ മെൻഷൻ ചെയ്ത അറിയിപ്പ് ലഭിക്കില്ല.

വ്യക്തികളെ മെന്‍ഷന്‍ ചെയ്യുന്നതിന് പരിമിതി ഉള്ളതുപോലെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഗ്രൂപ്പ് ചാറ്റുകൾ മെൻഷൻ ചെയ്യുന്നതിന് പരിമിതി വരുമോയെന്നത് ഇപ്പോള്‍ വ്യക്തമല്ല. എന്തായാലും വാട്സാപ്പില്‍ സ്റ്റാറ്റസ് ഇടുന്നവരെ ഒന്നടങ്കം ഈ അപ്ഡേറ്റ് തൃപ്തിപ്പെടുത്തുമെന്നാണ് ടെക് ലോകത്തെ സംസാരം .