ഇനി ഇന്‍റർനെറ്റില്ലെന്നോർത്ത് വിഷമിക്കണ്ട; ഫോട്ടോയും ഫയലും അയയ്ക്കാനുള്ള പുതിയ ഫീച്ചറുമായി വാട്സാപ്പ്

 

ഇന്‍റർനെറ്റില്ലാതെയും ഫോട്ടോയും ഫയലുകളും പരസ്പരം അയയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. നിശ്ചിത ദൂരത്തിലുള്ള ഡിവൈസുകളിലേക്ക് ഫയലുകൾ അയയ്ക്കുന്ന ‘പീപ്പിൾ നിയർബൈ’ ഫീച്ചറാണ് പുതിയ ആൻഡ്രോയിഡ് പതിപ്പുകളിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്.

എക്സൻഡർ, ഷെയർ ഇറ്റ് മുതലായ ആപ്പുകൾ ജനപ്രിയമായത് ഈ ഫീച്ചറുകളിലൂടെയായിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നം മുൻനിർത്തി ഈ ആപ്പുകൾ നിരോധിച്ചിരുന്നു. നിലവിൽ ടെലിഗ്രാമാണ് വലിയ ഫയലുകൾ കൈമാറുന്നതിനായി ഉപയോഗിച്ചു വരുന്നത്. എന്നാൽ ഇന്‍റർനെറ്റ് ഇല്ലാതെ ടെലിഗ്രാം വഴി ഫയലുകൾ അയയ്ക്കാൻ സാധിക്കില്ല.

അതേസമയം, വെളിച്ചം കുറവുള്ള സ്ഥലങ്ങളിലും വീഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചർ വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. ലോ ലെെറ്റ് മോഡ് ഫീച്ചർ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ലെെറ്റ് ഇല്ലാത്തപ്പോൾ വീഡിയോ കോളിൽ വ്യക്തമായി മുഖം കാണാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇത് ആശയവിനിമയം കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്നുവെന്നും അധികൃതർ അവകാശപ്പെടുന്നു.

പുതിയ വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുമ്പോൾ ഈ സേവനം ലഭ്യമാകും. വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്സിന്റെ വലതുവശത്ത് മുകളിലുള്ള ബൾബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. വെളിച്ചമില്ലാത്തപ്പോൾ ഓൺ ചെയ്യാനും പിന്നീട് ഓഫ് ചെയ്യാനും ഇതിൽ സൗകര്യം ഉണ്ട്.