പുരുഷന്മാരെ അപേക്ഷിച്ച് തലവേദന കൂടുതൽ സ്ത്രീകൾക്കോ?; കാരണം ദാ ഇതാണ്
ആൺ-പെൺ ഭേദമില്ലാതെ ആർക്കും എപ്പോൾ വേണമെങ്കിലും രോഗം വരാം. എന്നാൽ ചിലതരം തലവേദനയുടെ കാര്യമെടുത്താൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് അത് പലപ്പോഴും വരുന്നതെന്ന് കാണാം. അടുത്തിടെ അമേരിക്കയിൽ നടന്ന ഒരു സർവേയും ഇത് ശരിവയ്ക്കുന്നു.
തലവേദനകളിൽ ഏറ്റവും വ്യാപകമായത് മൈഗ്രേയ്ൻ മൂലമുള്ള തലവേദനയാണ്. പ്രായപൂർത്തിയാകും മുൻപ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ മൈഗ്രേയ്ൻ തലവേദന ഒരേ പോലെ അനുഭവപ്പെടാം. എന്നാൽ പ്രായപൂർത്തിയെത്തുന്നതോടെ മൈഗ്രേയ്ൻ പെൺകുട്ടികളിലും സ്ത്രീകളിലും കൂടുതൽ വ്യാപകമായി കണ്ട് വരുന്നതായി ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിനിലെ ഡോ. ആൻ മക്ഗ്രെഗോർ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ച് മൈഗ്രേയ്ൻ തലവേദന വരാനുള്ള സാധ്യത സ്ത്രീകൾക്ക് രണ്ട് മുതൽ മൂന്ന് മടങ്ങ് അധികമാണെന്ന് ആൽബർട്ട് ഐൻസ്റ്റീൻ കോളജ് ഓഫ് മെഡിസിനിലെ ഡോ. ജെലേന പാവ്ലോവിക്കും പറയുന്നു.
സ്ത്രീകളിലെ ഈസ്ട്രജൻ തോതിലുണ്ടാകുന്ന മാറ്റങ്ങൾ മൈഗ്രേയ്ൻ തലവേദനയ്ക്ക് കാരണമാകാറുണ്ട്. പല സ്ത്രീകളും ആർത്തവത്തിന് മുൻപും ആർത്തവ സമയത്തും തലവേദന അനുഭവിക്കാറുണ്ട്. ഈസ്ട്രജന്റെ തോത് കൂടുകയും കുറയുകയുമൊക്കെ ചെയ്യുന്ന ഗർഭാവസ്ഥയിലും സ്ത്രീകളിൽ തലവേദന ഇടയ്ക്കിടയ്ക്ക് വിരുന്നെത്താം. ആർത്തവവിരാമത്തിന് തൊട്ട് മുൻപുള്ള കാലയളവിലും ഈസ്ട്രജൻ കയറ്റിറക്കങ്ങൾ മൂലം സ്ത്രീകൾക്ക് തലവേദനകൾ ഉണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ആർത്തവവിരാമത്തിനു ശേഷം ഹോർമോൺ തോത് ശാന്തമാകുന്നതോടെ മൈഗ്രേയ്ൻ തലവേദനകളുടെ ആവർത്തി കുറയുന്നതും കാണാം.
മൈഗ്രേയ്ൻ തലവേദനയ്ക്ക് പുറമേ ടെൻഷൻ തലവേദനയും പുരുഷന്മാരെ അപേക്ഷിച്ച് ഒന്നര മടങ്ങ് അധികം സ്ത്രീകളിലാണ് കാണപ്പെടുന്നത്. തലയുടെ രണ്ട് വശത്തെയും ബാധിക്കുന്ന ഈ തലവേദനയ്ക്ക് പിന്നിലുള്ള കാരണം സമ്മർദം ആയിരിക്കാം. വീട്ടിലും ജോലിസ്ഥലത്തും സമൂഹത്തിലുമെല്ലാം സ്ത്രീകൾ കൂടുതൽ സമ്മർദം അനുഭവിക്കാറുണ്ട്. ഇത് തലവേദനയുടെ രൂപത്തിൽ അവരെ വേട്ടയാടാം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ഉറക്കം ശരിക്ക് ലഭിക്കാത്തതും ഇത്തരം തലവേദനയ്ക്കു പിന്നിലെ കാരണമാകാം.