മദ്യപാനശീലം ഉള്ളവരാണോ?; എങ്കിൽ ഇത് അറിയാതെ പോകരുത്

 

ഐസിഎംആർ നടത്തിയ പഠനത്തിൽ കൊവിഡ് വാക്‌സിൻ ഉപയോഗിച്ചവർക്ക് പെട്ടെന്ന് ഹൃദയാഘാതം വന്നുള്ള മരണത്തിന് സാദ്ധ്യത കുറവാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റ് ആയവർക്ക് പെട്ടെന്നുള്ള മരണ സാദ്ധ്യത നാലിരട്ടി കൂടുതലാണെന്നും ഐസിഎംആറിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

48 മണിക്കൂറിനുള്ളിലെ മദ്യപാനവും പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകാം. ബിഞ്ച് ഡ്രിങ്കിംഗ് എന്നാണ് ഇതിനെ പറയുന്നത്. രണ്ട് ഡ്രിങ്ക്‌സ് ദിവസവും കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന മിഥ്യാധാരണ പൊതുസമൂഹത്തിലുണ്ട്. ഇത് വളരെ അപകടകരമാണെന്ന് പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് പേരിലാണ് പഠനം നടന്നത്. ഏതു തരത്തിലുള്ള ആൽക്കഹോളും അപകടകരമാണ്.

മദ്യപാനശീലങ്ങളിൽ ഏറ്റവും അപകടകരം എന്നു പറയുന്നതും ബിഞ്ച് ഡ്രിങ്കിംഗിനെയാണ്. രണ്ട് മണിക്കൂറിലെ ഇടവേളകളിൽ നാല് ഡ്രിംഗ്സ് കഴിക്കുന്നതിനെയാണ് ബിഞ്ച് ഡ്രിങ്കിംഗ് എന്നു പറയുന്നത്. ഈ സമയത്ത് ഹൃദയത്തിന്റെ മിടിപ്പ് കൂടാനും രക്തസമ്മർദ്ദം ഏറാനും സാദ്ധ്യത ഏറെയാണ്. ഹൃദയതാളം തെറ്റുന്നതോടെ സ്ടോക്കിനും ചാൻസ് വർദ്ധിക്കും. ഹോളിഡേ ഹാർട്ട് സിൻഡ്രോം എന്നും ഇത് അറിയപ്പെടുന്നു.

സ്ഥിരമായി ജിമ്മിൽ വ്യായാമം ചെയ്യുന്ന ഒരാൾക്ക് പെട്ടെന്നുള്ള കുഴഞ്ഞുവീണ് മരണസാദ്ധ്യത കുറവാണ്. അയാളുടെ ശരീരം അതിന് പാകപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇനി, 40 വയസിന് മുകളിലുള്ള ഒരാൾക്ക് പ്രഷറോ ഷുഗറോ ഉള്ള പക്ഷം ഡോക്‌ടറുടെ നിർദേശാനുസരണം മാത്രമേ ജിമ്മിൽ പോകാവൂ. കൂടാതെ, ശരീരത്തിൽ അയോട്ട വികസിച്ചിട്ടുള്ളവർക്കും തലച്ചോറിൽ കുമിളകൾ പോലെ രക്തക്കുഴലുകൾ വികാസം പ്രാപിച്ചവർക്കും കുഴഞ്ഞുവീണ് മരണത്തിനുള്ള സാദ്ധ്യത കൂടുതലാണ്.