ഡൽഹി കോച്ചിങ് സെന്റർ ദുരന്തം: 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് പരിശീലന കേന്ദ്രങ്ങൾ

 

ഡൽഹിയിലെ സിവിൽസർവീസ് പരിശീലനകേന്ദ്രത്തിൽ വെള്ളം കയറി മലയാളി ഉൾപ്പെടെ മൂന്നുപേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് വിവിധ ഐ.എ.എസ്. അക്കാദമികൾ. വിദ്യാർഥികൾക്ക് സൗജന്യ ക്ലാസുകളും പരിശീലനവും നൽകാൻ തയ്യാറാണെന്നും അക്കാദമികൾ അറിയിച്ചു.

ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാർഥികൾ പ്രതിഷേധത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. വാജിറാം ആൻഡ് രവി, ശ്രീറാം ഐ.എ.എസ്., നെക്സ്റ്റ് ഐ.എ.എസ്. എന്നീ അക്കാദമികളാണ് നിലവിൽ സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. എക്സ് അക്കൗണ്ടിലൂടെയാണ് ഇവർ ഇക്കാര്യം അറിയിച്ചത്.

ജൂലായ് 28-ന് രാത്രി ഏഴോടെയാണ് ഓൾഡ് രാജേന്ദ്രനഗറിലെ റാവൂസ് ഐ.എ.എസ് സിവിൽ സർവീസ് കോച്ചിങ് സെന്ററിലെ ഭൂഗർഭനിലയിൽ പ്രവർത്തിച്ച ലൈബ്രറിയിലേക്ക് അഴുക്കുവെള്ളം കയറി ദുരന്തമുണ്ടായത്. സംഭവത്തിൽ മലയാളിയായ നെവിൻ ഡാൽവിൻ (28), ഉത്തർപ്രദേശ് സ്വദേശിനി ടാനിയ സോണി (25), തെലങ്കാന സ്വദേശിനി ശ്രേയ യാദവ്(25) എന്നിവർ മരിച്ചു. അപകടത്തിന് പിന്നാലെ റാവൂസ് ഉടമ അഭിഷേക് ഗുപ്ത, കോഡിനേറ്റർ ദേശ്പാൽസിങ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.