സ്വിഗ്ഗിയുടെ സൊമാറ്റോയുടെയും "പകൽക്കൊള്ള'; 40 രൂപയുടെ ഉപ്പുമാവിന് വില120 , ഇഡ്ഡലിക്ക് 120;  തുറന്നുകാട്ടി യുവാവ്

 

തിരക്കേറിയ ജീവിതത്തിനിടയിൽ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവയുടെ സേവനം ആശ്രയിക്കുന്നവർ ധാരാളമാണ്. വിഭവങ്ങൾക്ക് ഇവരുടെ ആപ്പുകളിൽ കൊടുത്തിരിക്കുന്ന വിലയും ഡെലിവറി ചാർജുമാണ് ഈടാക്കുന്നത്. നിങ്ങൾ പതിവായി ഓൺലൈൻ ഫുഡ് ഡെലിവറി ആശ്രയിക്കുന്ന വ്യക്തിയാണെങ്കിലും അല്ലെങ്കിലും സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന വിലയും റസ്റ്ററന്‍റിലെ വിലയും തമ്മിൽ എപ്പോഴെങ്കിലും  താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ?‌

യഥാർഥത്തിൽ റസ്റ്ററന്‍റ് ഈടാക്കുന്ന വിലയേക്കാൾ കൂടുതലാണ് സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലെ ഈടാക്കുന്നത്. ചിലപ്പോൾ മൂന്നിരട്ടി വിലവരെ കന്പനികൾ ഈടാക്കുന്നു. ഭക്ഷണവിതരണത്തിലെ പകൽക്കൊള്ള ഉദാഹരണസഹിതം പുറത്തുവിടുകയാണ് മുംബൈയിലെ മാധ്യമപ്രവർത്തകൻ അഭിഷേക് കോത്താരി. 

മുംബൈയിലെ ജനപ്രിയ റസ്റ്ററന്‍റിലെ ബില്ലും അതേ ഹോട്ടലിലെ വിഭവങ്ങൾക്ക് ഓൺലൈൻ കന്പനികൾ ഈടാക്കുന്ന വിലയുടെ മെനുവിന്‍റെ സ്ക്രീൻഷോട്ടുമാണ് അഭിഷേക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഹോട്ടലിലെ വിലയും സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന വിലയും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ടാകുമെന്ന സാധാരണ ധാരണയാണ് ഇതോടെ തിരുത്തപ്പെട്ടത്.  യാഥർഥ വസ്തുത തിരിച്ചെറിഞ്ഞ് സ്വിഗ്ഗി, സൊമാറ്റോ പ്രേമികളുടെ കണ്ണു തള്ളിപ്പോയി.

മുംബൈ വിലെ പാർലെയിലെ റാം മന്ദിർ റോഡിൽ പ്രവർത്തിക്കുന്ന ഉഡുപ്പി2മുംബൈ എന്ന ഹോട്ടലിലാണ് അഭിഷേക് ഭക്ഷണം കഴിക്കാൻ പോയത്. അഭിഷേകും സുഹൃത്തുക്കളും കഴിച്ചത്
തട്ടേ ഇഡലി- (രണ്ട് എണ്ണം120 രൂപ), ഉഴുന്നുവട (നാല് എണ്ണം 70 രൂപ), ഒനിയൻ ഊത്തപ്പം (80 രൂപ), ഉപ്പുമാവ് (40 രൂപ), ഹാഫ് ചായ (10 രൂപ)യുമാണു കഴിച്ചത്. ആകെ ബിൽ 320 രൂപ മാത്രം. 

ഇതേ വിഭവങ്ങൾ ഓൺലൈനിൽ ലഭിക്കാൻ കന്പനികൾ ഈടാക്കുന്നത് 740 രൂപ! ചായ ഒഴികെയുള്ള വിലയാണിത്. അതായത് 420 രൂപയുടെ കൊള്ളയാണ് ഇവിടെ നടക്കുന്നത്. റസ്റ്ററന്‍റിൽ 40 രൂപ വിലയുള്ള ഇഡ്ഡലി 120 രൂപയ്ക്കാണ് സൊമാറ്റോയിൽ വിൽക്കുന്നത്. 60 രൂപ വിലയുള്ള തട്ടേ ഇഡ്ഡലി 161 രൂപയ്ക്കും! 

സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സൊമാറ്റോ അധികൃതർ  ഉപഭോക്താവിനു നൽകിയ മറുപടിയാണ് വലിയ "തമാശ'യായി തോന്നിയത്. ഭക്ഷണത്തിന്‍റെ വില നിയന്ത്രിക്കുന്നത് ഹോട്ടൽ നടത്തിപ്പുകാരാണെന്നാണ് സൊമാറ്റോ പറഞ്ഞത്. സൊമാറ്റോയുടെ പ്രതികരണത്തിനെതിരേ വ്യാപക ട്രോളുകളാണു പ്രചരിക്കുന്നത്.