തേനിയിൽ ജയിൽചാടിയ 17 പേരിൽ 13 പേർ പിടിയിൽ; 4 പേർക്കായി തിരച്ചിൽ

 

തമിഴ്‌നാട്ടിലെ തേനി തെക്കൻപട്ടി സബ് ജയിലിൽ നിന്ന് വാർഡന്മാരെ ആക്രമിച്ച് കടന്നുകളഞ്ഞ 17 വിചാരണത്തടവുകാരിൽ 13 പേരെ പോലീസ് പിടികൂടി. സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഒമ്പത് ജയിൽ ജീവനക്കാരെ വകുപ്പ് സസ്‌പെൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന ബാക്കി നാലു പ്രതികൾക്കായി പ്രത്യേക പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ തേനിയിലും അയൽ സംസ്ഥാന അതിർത്തികളിലും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

മൂന്നാം ബ്ലോക്കിലെ ഒരു തടവുകാരന് അപസ്മാരം ബാധിച്ചെന്ന് വ്യാജമായി ബഹളം വെച്ചാണ് തടവുകാർ സുരക്ഷാ ജീവനക്കാരെ പറ്റിച്ചത്. വിവരമറിഞ്ഞ് സെല്ലിന്റെ വാതിൽ തുറന്ന അസിസ്റ്റന്റ് ജയിലറെയും ജീവനക്കാരെയും ആക്രമിച്ച് കീഴടക്കിയ ശേഷമാണ് സംഘം ജയിൽ മതില ചാടിക്കടന്ന് രക്ഷപ്പെട്ടത്.

ജയിലിന് പിൻവശത്തെ കാട്ടിൽ ഒളിച്ചിരുന്ന പ്രതികളെ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചാണ് പോലീസ് സംഘം കണ്ടെത്തിയത്. 200 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ 334 തടവുകാരെ പാർപ്പിച്ചതാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമായതെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.