ഓണക്കാലത്ത് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 കെഎസ്ആർടിസി ബസുകൾ

 

ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 കെഎസ്ആർടിസി ബസുകൾ അധികമായി സർവീസ് നടത്തും. കർണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി. നൽകിയ നിർദേശം പരിഗണിച്ചാണ് തീരുമാനം. ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്തതും സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുന്നതും യാത്രക്കാർക്ക് പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് അധിക സർവീസുകൾ അനുവദിച്ചത്. നേരത്തെ 60 ബസുകളായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസർകോട് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവർക്കായി ഓഗസ്റ്റ് 21 മുതൽ 25 വരെയാണ് കേരളത്തിലേക്കുള്ള പ്രത്യേക സർവീസുകൾ. ഓണം കഴിഞ്ഞ് കേരളത്തിൽ നിന്ന് കർണാടകയിലേക്ക് മടങ്ങുന്നവർക്കായി ഓഗസ്റ്റ് 27 മുതൽ 30 വരെയും മടക്ക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.