ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ 3 ഇറ്റലിക്കാർ ഇന്ത്യവിട്ടു; എയർ ഇന്ത്യക്ക് കാരണംകാണിക്കൽ നോട്ടീസ്
ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കാതെ മൂന്ന് ഇറ്റാലിയൻ പൗരന്മാർ ഡൽഹി വഴി ജർമനിയിലെ മ്യൂണിക്കിലേക്ക് യാത്ര ചെയ്ത സംഭവത്തിൽ എയർ ഇന്ത്യക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയം കാരണംകാണിക്കൽ നോട്ടീസ് അയച്ചു. യാത്രക്കാരുടെ ബോർഡിങ് നടപടികളിൽ സംഭവിച്ച ഗുരുതര സുരക്ഷാവീഴ്ച മുൻനിർത്തിയാണ് ഏവിയേഷൻ മന്ത്രാലയത്തിന്റെ നടപടി. വിഷയത്തിൽ ഏഴു ദിവസത്തിനകം എയർ ഇന്ത്യ വിശദീകരണം നൽകേണ്ടതുണ്ട്.
സെപ്റ്റംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അമൃത്സറിൽ നിന്നും ഡൽഹിയിലെത്തിയ ഇറ്റാലിയൻ പൗരന്മാർ, ഡൽഹി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ക്ലിയറൻസ് നടത്താതെയാണ് ലുഫ്താൻസ വിമാനത്തിൽ മ്യൂണിക്കിലേക്ക് പറന്നത്. അമൃത്സറിൽ നിന്ന് ഡെൽഹിയിലേക്കുള്ള യാത്രയ്ക്കായി ഇവർക്ക് ഡൊമസ്റ്റിക് ബോർഡിങ് പാസുകളാണ് നൽകിയിരുന്നത്. എന്നാൽ ഇതോടൊപ്പം മ്യൂണിക്കിലേക്കുള്ള ബോർഡിങ് പാസുകളും ലഭിച്ച ഇവർ, ഡൽഹിയിലെത്തിയ ശേഷം ട്രാൻസിറ്റ് വഴി ഇമിഗ്രേഷൻ പൂർത്തിയാക്കാതെ മ്യൂണിക് വിമാനത്തിൽ കയറുകയായിരുന്നു.
സംഭവത്തിൽ എയർ ഇന്ത്യയുടെ അഞ്ച് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറുകൾ (SOP) ലംഘിക്കപ്പെട്ടതായി വ്യോമയാന മന്ത്രാലയം വിലയിരുത്തി. അന്താരാഷ്ട്ര യാത്രക്കാരെ തിരിച്ചറിയുന്നതിലും കൈകാര്യം ചെയ്യുന്നതിലും ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിച്ചില്ലെന്നും നോട്ടീസിൽ പറയുന്നു.