പെട്രോളിൽ 31% എഥനോൾ: കർണാടക സർക്കാരിന്റെ വാദം തള്ളി പൊതുമേഖലാ എണ്ണക്കമ്പനികൾ

 

സംസ്ഥാനത്തെ ചില പെട്രോൾ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കർണാടക സർക്കാരിന്റെ ആരോപണം പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ തള്ളി. കൃത്യമായ നിയമപരവും സാങ്കേതികവുമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരിശോധന നടത്തിയിട്ടുള്ളതെന്ന് കമ്പനികൾ വ്യക്തമാക്കി.

ബംഗളൂരു, മംഗളൂരു ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ അനുവദനീയമായ 20 ശതമാനത്തിന് മുകളിൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്നും ഇത് 31.2 ശതമാനം വരെയാണെന്നുമായിരുന്നു കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്‌വാൻ അർഷാദിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ സംയുക്ത പ്രസ്താവനയിലൂടെ ഈ വാദങ്ങളെ എതിർത്തു. രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഇ20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (BIS) കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് കമ്പനികൾ അറിയിച്ചു. അവശ്യസാധന നിയമപ്രകാരവും മാർക്കറ്റിങ് ഡിസിപ്ലിൻ ഗൈഡ്‌ലൈൻസ് പ്രകാരവും സാമ്പിളുകൾ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനും നിശ്ചിത നടപടിക്രമങ്ങളുണ്ടെന്നും, കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ ഇവയൊന്നും പാലിച്ചിട്ടില്ലെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി.