ഹരിയാനയിൽ 25-കാരിക്ക് നേരെ കൂട്ടബലാത്സംഗം; പീഡനത്തിന് ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു
Dec 31, 2025, 12:43 IST
ഹരിയാനയിലെ ഫരീദാബാദിൽ 25 വയസ്സുകാരി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി. ഓടിക്കൊണ്ടിരുന്ന വാനിനുള്ളിൽ വെച്ച് പീഡിപ്പിച്ച ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി സെക്ടർ 23-ലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. കല്യാൺപുരി മെട്രോ ചൗക്കിൽ വാഹനം കാത്തുനിന്ന യുവതിക്ക് വാനിലെത്തിയ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. തുടർന്ന് വാഹനം ഗുരുഗ്രാം ഭാഗത്തേക്ക് തിരിച്ചുവിടുകയും വിജനമായ കുന്നിൻ പ്രദേശത്ത് വെച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്ന് പോലീസ് അറിയിച്ചു.
മർദ്ദനത്തെത്തുടർന്ന് തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.