നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ 50-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 31-കാരൻ പിടിയിൽ

 

നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ അൻപതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. പ്രതിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ചെമ്പകരാമൻപുത്തൂർ സ്വദേശിയായ 31-കാരൻ അയ്യപ്പനാണ് പിടിയിലായത്. നാല് ദിവസത്തോളം പുറംലോകമറിയാതെ കിടന്ന ദാരുണമായ കൊലപാതകത്തിലാണ് അന്വേഷണ സംഘം പ്രതിയെ വലയിലാക്കിയത്.

നവംബർ 18-ന് രാവിലെ എട്ട് മണിയോടെ നാഗർകോവിൽ ജംഗ്ഷനിലെ പതിമൂന്നാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിന്റെ പിൻഭാഗത്തുള്ള ഭിന്നശേഷിക്കാരുടെ കോച്ചിലെ സീറ്റിനടിയിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. നാഗർകോവിൽ ഈസ്റ്റ് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.

റെയിൽവേ പോലീസ് ഇൻസ്പെക്ടർ കാതറിൻ സുജാതയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് കേസിൽ നിർണ്ണായകമായത്. നവംബർ 14-ന് രാവിലെ എട്ട് മണിയോടെ വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ഈ കോച്ചിൽ നിന്നും ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നവംബർ 14-ന് പുലർച്ചെ 12.30-ഓടെ അഞ്ചാം പ്ലാറ്റ്‌ഫോമിന് സമീപം നടന്നുപോകുകയായിരുന്ന സ്ത്രീയെ പ്രതി കടന്നുപിടിക്കുകയും ആളൊഴിഞ്ഞ കോച്ചിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ശേഷം ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തതിനെത്തുടർന്ന് ശരീരത്തിലേറ്റ ഗുരുതരമായ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ നാല് മാസമായി നാടോടിയായി അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്ന പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീ ആരാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.