മഹാരാഷ്ട്രയിൽ സ്കൂളിൽ അതിക്രമിച്ചുകയറി, ഭീഷണിപ്പെടുത്തി: സി.ജെ.പി നേതാവ് അഭജീത് ദിപ്കെയ്ക്കെതിരെ കേസ്

 

അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും ഔദ്യോഗിക ജോലികൾ തടസ്സപ്പെടുത്തുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കൺവീനർ അഭജീത് ദിപ്കെയ്ക്കും പ്രവർത്തകർക്കുമെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. ലാത്തൂർ ജില്ലയിലെ ഔസയ്ക്കടുത്തുള്ള ജാവലി ഗവൺമെന്റ് ഉറുദു സ്കൂളിലെ അധ്യാപിക സയ്യിദ് ഷംഷാദ്ബാനോ ഖൈറാത്തലി നൽകിയ പരാതിയിലാണ് ലാത്തൂർ ഔസ പോലീസ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക ചുമതല തടസ്സപ്പെടുത്തൽ, അതിക്രമിച്ചുകടക്കൽ, ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ദിപ്കെയ്ക്കും പാർട്ടി പ്രവർത്തകനായ അജിങ്ക്യ ഷിൻഡെയ്ക്കും മറ്റു ചിലർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. 'സ്കൂൾ തീക് കരോ' കാമ്പയിന്റെ ഭാഗമായി സ്കൂളിലെത്തിയ സംഘം വിദ്യാർഥികൾക്കൊപ്പം ഇരിക്കുകയും അധ്യാപകരെ സസ്പെൻഡ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

മറ്റൊരു സ്കൂളിലെ വിദ്യാർഥികളെ കൊണ്ടുവന്നിരുത്തി സ്കൂളിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ഹിംഗോളിയിൽ നിന്ന് ആരംഭിച്ച ഈ കാമ്പയിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്കൂളുകളിൽ സി.ജെ.പി പ്രവർത്തകർ സന്ദർശനം നടത്തുകയും പലയിടത്തും ജനങ്ങളുടെയും അധികൃതരുടെയും എതിർപ്പ് നേരിടുകയും ചെയ്തിട്ടുണ്ട്.