മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി
മഹാരാഷ്ട്രയിലെ സോളാപ്പൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി. കോയമ്പത്തൂരിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് വി (62) ആണ് കൊല്ലപ്പെട്ടത്.സത്താരയിലേക്കുള്ള യാത്രയ്ക്കിടെ പുലർച്ചെ 2.30ഓടെയാണ് സംഭവം . ബസ് സ്റ്റാൻഡിലെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ പിന്നാലെ എത്തിയ സംഘം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൃഷ്ണപ്രസാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
രാത്രിയെത്തുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് പ്രതികൾ മുൻകൂട്ടി സ്റ്റാൻഡിൽ എത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അതിവേഗത്തിൽ പ്രതികളെ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് 21 വയസുള്ള കുനാൽ കാംബ്ലെ, അമൻ സുധാകർ, കൂടാതെ പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് പിടിയിലായത്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് അറിയിച്ചു.വർഷങ്ങൾക്ക് മുൻപ് സത്താരയിലെ ഒരു കമ്പനിയിൽ കൃഷ്ണപ്രസാദ് ജോലി ചെയ്തിരുന്നു. പ്രൊവിഡന്റ് ഫണ്ട് സംബന്ധമായ കാര്യങ്ങൾക്കായി സത്താരയിലേക്ക് യാത്ര ചെയ്തതായിരുന്നു അദ്ദേഹം.