65,000 രൂപ ശമ്പളക്കാരൻ മകനെ യു.എസിൽ പഠിപ്പിച്ചു; അഭിജീത് ദീപ്കെയുടെ പിതാവിന്റെ വരുമാനത്തിൽ അന്വേഷണം വേണമെന്ന് പരാതി
കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാവ് അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും, പാർട്ടിക്ക് കപിൽ സിബൽ വാഗ്ദാനം ചെയ്ത ഒരു കോടി രൂപയുടെ സഹായധനത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന ഏജൻസികൾക്ക് പരാതി. വിവരാവകാശ പ്രവർത്തകനായ അമിത് തിവാരിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ, മഹാരാഷ്ട്ര സർക്കാർ, ആദായനികുതി വകുപ്പ് എന്നിവർക്ക് പരാതി നൽകിയിരിക്കുന്നത്.
മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷനിൽ നിന്ന് ജൂനിയർ എഞ്ചിനീയറായി വിരമിച്ച ഭഗവാൻറാവു ദീപ്കെ, 65,000 രൂപയിൽ താഴെ മാത്രം മാസശമ്പളമുള്ളപ്പോൾ മകനെ എങ്ങനെ അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ അയച്ചു പഠിപ്പിച്ചു എന്നത് വിശദമായി അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം.
ഇതിനുപുറമെ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ രജിസ്ട്രേഷനില്ലാത്ത ഒരു സംഘടനയ്ക്ക് രാഷ്ട്രീയ പാർട്ടി എന്ന പേരിൽ ഫണ്ട് ശേഖരിക്കാൻ അവകാശമുണ്ടോ എന്ന് കമ്മീഷൻ വ്യക്തമാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ സമരത്തിൽ പിടിയിലായവർക്ക് നിയമസഹായം നൽകാൻ രാജ്യസഭാ എം.പി കപിൽ സിബൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ 'ലീഗൽ ഡിഫൻസ് ഫണ്ടിന്' ജി.എസ്.ടി ബാധകമാണോ എന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് പരിശോധിക്കണമെന്നും അമിത് തിവാരി ആവശ്യപ്പെട്ടു.