അമിത മരുന്ന് കുത്തിവച്ചതിനെ തുടർന്ന് ഏഴ് വയസ്സുകാരൻ മരിച്ചതായി പരാതി; ഡോക്ടർക്കെതിരെ കേസ്
Sep 28, 2024, 16:58 IST
ഇൻജക്ഷൻ ഡോസ് കൂടിപ്പോയതിനാൽ ഏഴ് വയസ്സുകാരൻ മരിച്ചതായി പരാതി. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. സോനേഷ് എന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. സോനേഷിന്‍റെ അച്ഛൻ അശോകൻ അജ്ജംപുര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തു.
കടുത്ത പനിയെ തുടർന്നാണ് സോനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുത്തവെയ്പ്പ് നൽകി ഡോക്ടർ വരുണ്‍ കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു. വീട്ടിലെത്തിയപ്പോഴേക്കും സോനേഷിന്‍റെ ശരീരത്തിൽ കുമിളകൾ കണ്ടെത്തി. പിന്നാലെ ശിവമോഗയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ചയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. മരുന്നിന്‍റെ ഡോസ് കൂടിയതാണ് മകന്‍റെ മരണത്തിന് കാരണമെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ആയുർവേദ ഡോക്ടറാണ് (ബിഎഎംഎസ്) വരുണെന്നും രോഗികൾക്ക് കുത്തിവയ്പ്പ് നൽകാനുള്ള അധികാരമില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ദി ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.