പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു
Aug 30, 2026, 13:52 IST
പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് ഗുർപ്രീത് സിങ് ഗോപി വെടിയേറ്റ് മരിച്ചു. ഫിറോസ്പൂരിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗുർപ്രീതിനെ കാറിലെത്തിയ സംഘം പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നു.
വെടിവെപ്പിൽ ഗുർപ്രീതിന്റെ സുഹൃത്തിനും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഗുർപ്രീതിന്റെ മറ്റ് ചില സുഹൃത്തുക്കൾ മറ്റൊരു കാറിൽ പിന്നാലെയുണ്ടായിരുന്നു. ഈ വാഹനത്തിന് നേരെയും അക്രമികൾ വെടിയുതിർത്തതായി പൊലീസ് അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പഴയ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അക്രമികളെ തിരിച്ചറിഞ്ഞതായും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.