അഭിഷേക് ബാനർജിക്ക് ആശ്വാസം; തൃണമൂല്‍ വിട്ട 20 വിമത എം.പിമാർക്ക് സുപ്രീം കോടതി നോട്ടീസ്

 

തൃണമൂൽ കോൺഗ്രസ് വിട്ട് നാഷണൽ സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിൽ (NCPI) ചേർന്ന 20 ലോക്‌സഭാ എം.പിമാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. വിമത എം.പിമാരെ അയോഗ്യരാക്കണമെന്ന അപേക്ഷയിൽ ലോക്‌സഭാ സ്പീക്കർ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, പശ്ചിമ ബംഗാൾ സർക്കാർ രജിസ്റ്റർ ചെയ്ത മൂന്ന് എഫ്.ഐ.ആറുകളിൽ അഭിഷേക് ബാനർജിക്കെതിരെ നവംബർ 30 വരെ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടേതാണ് ഉത്തരവ്.

അഭിഷേകിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായാൽ 48 മണിക്കൂർ മുൻപ് നോട്ടീസ് നൽകണം. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 23-ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്.