ഭീകരർക്ക് നുഴഞ്ഞുകയറാൻ സഹായം നൽകിയെന്ന് ആരോപണം; ജമ്മു കശ്മീരിൽ മൂന്ന് പേർ അറസ്റ്റിൽ
ജമ്മു കശ്മീരിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരർക്ക് നുഴഞ്ഞുകയറാൻ സഹായം നൽകിയെന്ന് ആരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രജൗരി കോട്ട്ചർവാൽ സ്വദേശികളായ മുഹമ്മദ് അസം, സാക്കിർ ഹുസൈൻ, മുഹമ്മദ് മുഷ്താഖ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതികൾ ഭീകരർക്ക് താമസസൗകര്യവും മറ്റ് ലോജിസ്റ്റിക് സഹായങ്ങളും നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. രജൗരി-രീസി, പിർ പഞ്ചാൽ മേഖലകളിൽ നിന്ന് ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിലേക്ക് നുഴഞ്ഞുകയറാനും ഭീകരർക്ക് സഹായം നൽകിയെന്നാണ് ആരോപണം. ഭീകരരുടെ നീക്കം സുഗമമാക്കാൻ ഗൈഡുകളായും പ്രവർത്തിച്ചിരുന്നതായും പൊലീസ് പറയുന്നു.2023ൽ രീസി ജില്ലയിലെ ചസ്സാനയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർക്ക് സഹായം നൽകിയതിലും പ്രതികൾക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഗ്രാമത്തിന് സമീപത്തെ വനത്തിൽ നിന്ന് ശക്തിയേറിയ ഐഇഡി, പിസ്റ്റൾ, മാഗസിൻ, വെടിയുണ്ടകൾ, രണ്ട് ചൈനീസ് ഗ്രനേഡുകൾ എന്നിവ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. രജൗരി ജില്ലയിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘങ്ങൾക്ക് പ്രതികൾ സഹായം നൽകിയിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.