രാജ്യം വിടാനുള്ള പൊലീസ് നോട്ടീസ്: ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ
ഒക്ടോബർ 28-നകം രാജ്യം വിടാൻ മുംബൈ പൊലീസ് നൽകിയ നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ. ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ നോട്ടീസ് നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് നടൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
യു.എസ് പൗരനും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമയുമാണ് 43 കാരനായ ഇമ്രാൻ ഖാൻ. ശനിയാഴ്ച അഭിഭാഷകർ വഴിയാണ് അദ്ദേഹം ഹർജി ഫയൽ ചെയ്തത്. സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒ.സി.ഐ കാർഡ് ഉടമകളെ തടയുന്ന നിയമങ്ങളോ ചട്ടങ്ങളോ നിലവിലില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. യാതൊരുവിധ അന്വേഷണവുമില്ലാതെയും വിശദീകരണം ചോദിക്കാതെയാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 10-ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഇമ്രാൻ ഖാനെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. ബോളിവുഡ് താരം ആമിർ ഖാന്റെ ബന്ധുവാണ് ഇമ്രാൻ ഖാൻ.