ഒന്നിലധികം വോട്ടർ ഐ.ഡി കൈവശം വച്ചെന്ന പരാതി: നടൻ പ്രകാശ് രാജിന് ജാമ്യം

 

ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വച്ചെന്ന പരാതിയിൽ പ്രമുഖ നടൻ പ്രകാശ് രാജിന് ബെംഗളൂരു എ.സി.ജെ.എം (ACJM) കോടതി ജാമ്യം അനുവദിച്ചു. കേസിൽ നേരിട്ട് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഘട്ടത്തിലാണ് അദ്ദേഹം കോടതിയിൽ ഹാജരായി ജാമ്യമെടുത്തത്. 2019-ൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോടതി നേരത്തെ പ്രകാശ് രാജിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡി കാർഡുകൾ ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ദിലീപ് ആണ് പരാതി നൽകിയത്. ഹൽസൂർ പോലീസ് സ്റ്റേഷനിലും പിന്നീട് സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പരാതിക്കാരൻ തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിച്ചത്.

കേസുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനകളും നിലവിൽ പുരോഗമിക്കുകയാണ്. അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് ജാമ്യം ലഭിച്ചത് പ്രകാശ് രാജിന് താൽക്കാലിക ആശ്വാസമായി. അതേസമയം, ഈ വിഷയത്തിൽ നിയമപരമായ തുടർനടപടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്.