ചെക്ക് കേസിൽ നടൻ രാജ്പാൽ യാദവിന് മൂന്ന് മാസം തടവ്; 7.35 കോടി രൂപ പിഴയിട്ട് ഡൽഹി ഹൈക്കോടതി

 

വിവിധ ചെക്ക് മറിമറി കേസുകളിലായി ബോളിവുഡ് നടൻ രാജ്പാൽ യാദവിന് ഡൽഹി ഹൈക്കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ഏഴ് കേസുകളിലായിട്ടാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിന് പുറമെ പരാതിക്കാരന് നഷ്ടപരിഹാരമായി ഓരോ കേസിലും 1.05 കോടി രൂപ വീതം ആകെ 7.35 കോടി രൂപ നൽകാനും കോടതി നിർദ്ദേശിച്ചു. വിചാരണക്കോടതിയുടെ വിധിക്കെതിരെയുള്ള നടന്റെ അപ്പീലുകൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസിൽ രാജ്പാൽ യാദവിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റങ്ങൾ അങ്ങേയറ്റം സംശയാസ്പദമാണെന്ന് കോടതി നിരീക്ഷിച്ചു.

ഏഴു കേസുകളിലും ശിക്ഷ വിധിച്ചെങ്കിലും അവ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. വിചാരണക്കോടതി വിധി അനുസരിച്ചുള്ള ആറുമാസത്തെ തടവുശിക്ഷ മൂന്നുമാസമായി ഹൈക്കോടതി കുറച്ചെങ്കിലും പിഴത്തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ശിക്ഷ വീണ്ടും ആറുമാസമായി തുടരും. കേസുമായി ബന്ധപ്പെട്ട തുക അടയ്ക്കാമെന്ന് പലതവണ രാജ്പാൽ ഉറപ്പു നൽകിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

2010-ൽ ആദ്യമായി സംവിധാനം ചെയ്ത 'അതാ പതാ ലാപതാ' നിർമാണത്തിനായി രാജ്പാൽ യാദവ് മുരളി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽനിന്ന് അഞ്ചുകോടി വായ്പ എടുത്തിരുന്നു. എന്നാൽ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതോടെ വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. തിരിച്ചടവ് വൈകുകയും പലിശ കൂടിക്കൊണ്ടിരിക്കുകയും ചെയ്തതോടെ കുടിശ്ശിക ഏകദേശം ഒൻപതു കോടിയായി ഉയർന്നു. ഇതോടെയാണ് നിയമപ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത്.