നടൻ ടൈഗർ ഷറോഫിന് നേരെ വെടിവയ്പ്പ്; കാർ ഡ്രൈവർക്ക് പരിക്ക്

 

ബോളിവുഡ് താരം ടൈഗർ ഷറോഫിന്റെ കാറിന് നേരെ മുംബൈയിൽ വെടിവയ്പ്പ്. ജുഹുവിൽ വെച്ച് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഫുട്ബോൾ മത്സരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന താരത്തിന്റെ ബി.എം.ഡബ്ല്യു വാഹനത്തിന് നേരെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിർത്തത്. ആക്രമണത്തിൽ നടൻ ടൈഗർ ഷറോഫ് പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

എന്നാൽ, വെടിവയ്പ്പിൽ ഷറോഫിന്റെ കാർ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റു. ഡ്രൈവറെ ഉടൻ തന്നെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജുഹു പൊലീസ് സ്റ്റേഷൻ പരിധിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡി.സി.പി മോഹിത് ഗാർഗ് സ്ഥിരീകരിച്ചു. ടൈഗർ ഷറോഫ് പൂർണ്ണ സുരക്ഷിതനാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള അനിൽ പണ്ഡിറ്റ്, ഹർമാൻ സന്ധു എന്നിവർ സോഷ്യൽ മീഡിയ വഴി ഉത്തരവാദിത്തം അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും അക്രമികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.