നടി അനന്യ രാജ് അന്തരിച്ചു; മരണവിവരം കുടുംബം പുറത്തുവിടുന്നത് ഒരുമാസത്തിന് ശേഷം
നടി അനന്യ രാജ് (35) അന്തരിച്ചു. രാത്രി ഉറക്കത്തിനിടെയായിരുന്നു മരണമെന്ന് കുടുംബം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. ജൂലൈ 15നാണ് മരണമെങ്കിലും മരണവിവരം കുടുംബം പുറത്തുവിട്ടത് ഇന്നലെയാണ്.
ഒരു വർഷത്തിലേറെയായി അനന്യ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അനുഭവിച്ചിരുന്നതായി കുടുംബം വ്യക്തമാക്കി. അനന്യ ധീരയായ പെൺകുട്ടിയായിരുന്നെന്നും രാജ്ഞിയെപ്പോലെ ജീവിച്ചിരുന്നെന്നും കുടുംബം കുറിപ്പിൽ പറഞ്ഞു.
അനന്യയുടെ അഭാവം ഏറെ വേദനയോടെ ഓർക്കുമെന്നും ആത്മാവിനായി പ്രാർഥിക്കണമെന്നും കുടുംബം അഭ്യർഥിച്ചു. സംസ്കാരത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെയാണ് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചത്. ദുഃഖകരമായ ഈ സമയത്ത് സ്വകാര്യതയും സമാധാനവും വേണമെന്നും കുടുംബം അറിയിച്ചു.
മുംബൈയിൽ വളർന്ന അനന്യ മ്യൂസിക് വീഡിയോകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്. 2016ൽ പുറത്തിറങ്ങിയ ‘7 ഹവേഴ്സ് ടു ഗോ’യിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2017ൽ ‘ദി ഫൈനൽ എക്സിറ്റ്’, 2019ൽ ‘ഗോസ്റ്റ്’ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. തെലുങ്ക് ചിത്രമായ ‘തഗ്ഗെഡെ ലെ’, ത്രിഭാഷാ ചിത്രമായ ‘മദ്രാസി ഗാംഗ്’ എന്നിവയിലും അനന്യ അഭിനയിച്ചിട്ടുണ്ട്.