പരിശോധനയിൽ ക്രമക്കേടുകൾ; കേരളത്തിലെ ഉൾപ്പെടെ 20 സി.ബി.എസ്.ഇ. സ്‌കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

 

വിവിധ ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിലെ രണ്ടെണ്ണമടക്കം രാജ്യത്തെ 20 സ്‌കൂളുകളുടെ അഫിലിയേഷൻ സി.ബി.എസ്.ഇ. റദ്ദാക്കി.  പരിശോധനാവേളയിൽ വ്യാജ വിദ്യാർഥികളെ ഹാജരാക്കുക, യോഗ്യതയില്ലാത്തവർക്ക് പ്രവേശനം നൽകുക, രേഖകൾ കൃത്യമായി സൂക്ഷിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. രാജ്യത്തുടനീളം സി.ബി.എസ്.ഇ. സ്‌കൂളുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.

കേരളത്തിൽ മലപ്പുറം പീവീസ് പബ്ലിക് സ്‌കൂൾ, തിരുവനന്തപുരം മദർ തെരേസ മെമ്മോറിയൽ സെൻട്രൽ സ്‌കൂൾ എന്നിവയുടെ അഫിലിയേഷനാണ് റദ്ദാക്കിയത്.

ഡൽഹിയിൽ അഞ്ച് സ്‌കൂളുകൾക്കും യു.പി.യിൽ മൂന്ന് സ്‌കൂളുകൾക്കും അംഗീകാരം റദ്ദായി. രാജസ്ഥാൻ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ആറ് സ്‌കൂളുകളുടെയും ജമ്മു-കശ്മീർ, ദെഹ്റാദൂൺ, അസം, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നാല് സ്‌കൂളുകളുടെയും അംഗീകാരം റദ്ദാക്കി. ഡൽഹിയിലെ വിവേകാനന്ദ് സ്‌കൂൾ, പഞ്ചാബിലെ ഭട്ടിൻഡയിലെ ദസ്‌മേഷ് സീനിയർ സെക്കൻഡറി പബ്ലിക് സ്‌കൂൾ, അസമിലെ ബാർപേട്ടയിലെ ശ്രീറാം അക്കാദമി എന്നീ മൂന്ന് സ്‌കൂളുകളുടെ ഗ്രേഡുകളും സി.ബി.എസ്.ഇ. താഴ്ത്തി. അഫിലിയേഷൻ, പരീക്ഷാ ബൈ-ലോ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിനാണ് ഈ സ്‌കൂളുകളുടെ ഗ്രേഡ് തരംതാഴ്ത്തിയത്.