പുറത്തുനിന്ന് പൂട്ടിയ ശേഷം വീടിന് തീയിട്ടു; തമിഴ്‌നാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ ചുട്ടുകൊന്നു
തമിഴ്‌നാട് തിരുവള്ളൂരില്‍ ക്രൂരമായ ഇരട്ടക്കൊലപാതകം. കൃഷിഭൂമിയിലെ ഷെഡില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ദമ്പതികളെ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു കൊന്നു. തിരുവള്ളൂര്‍ സെങ്കം സ്വദേശികളായ ശക്തിവേല്‍, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
പാട്ടത്തിനെടുത്ത മൂന്നേക്കര്‍ കൃഷിഭൂമിക്ക് സമീപമുള്ള ഷെഡിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. പുലര്‍ച്ചെ ഷെഡില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും രക്ഷാപ്രവര്‍ത്തനം ഫലവത്തായില്ല. അഗ്നിശമനസേനയും പൊലീസും എത്തിയപ്പോഴേക്കും ഇരുവരും പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തിയതാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസിനെ എത്തിച്ചത്.
കൊല്ലപ്പെട്ട ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യഭാര്യയും മക്കളും ബെംഗളൂരുവിലാണ് താമസം. അമൃതം തന്റെ ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം മാസങ്ങള്‍ക്ക് മുന്‍പാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്. കുടുംബപ്രശ്നങ്ങളോ മറ്റ് വ്യക്തിപരമായ വൈരാഗ്യമോ ആണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.