ഗ്യാനേഷ് കുമാർ രാജിവെക്കും വരെ പ്രക്ഷോഭം; ഗാന്ധി ജയന്തി ദിനത്തിൽ സി.ജെ.പി സമരം ആരംഭിക്കും
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനമായ വെള്ളിയാഴ്ച മുംബൈയിലെ ശിവാജി പാർക്കിൽ സി.ജെ.പി സമരം ആരംഭിക്കും. ഗ്യാനേഷ് കുമാർ രാജിവെക്കും വരെ സമരം തുടരുമെന്നും രാജ്യവ്യാപകമായി പ്രക്ഷോഭം വളർത്തുമെന്നും സി.ജെ.പി നേതാവ് അഭിജീത് ദിപ്കെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർത്തുവെന്നും രാജ്യത്തെ ജനങ്ങളോട് വഞ്ചന കാണിച്ച ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പ്രദേശവാസികൾ എതിർക്കുന്നുവെന്ന വാദങ്ങൾ തള്ളിയ അഭിജീത് ദിപ്കെ, അനുമതി നിഷേധിച്ചാലും ആസാദ് മൈതാനത്തിന് പകരം ശിവാജി പാർക്കിൽ തന്നെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കി.
ഒക്ടോബർ അവസാനത്തോടെ ഡൽഹി ജന്തർ മന്തറിലേക്ക് സമരം വ്യാപിപ്പിക്കും. തുടർന്ന് ഗോവ, കർണാടക, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് പാർട്ടി തീരുമാനം.