അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ ഏജൻസിക്ക് വക്കീൽ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ സംഘടന
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോക്കെതിരെ (AAIB) പൈലറ്റുമാരുടെ ദേശീയ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (FIP) വക്കീൽ നോട്ടീസ് അയച്ചു. അപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ മരുമകൻ വരുൺ ആനന്ദിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതിനെ തുടർന്നാണ് ഈ നടപടി. എയർ ഇന്ത്യയിൽ തന്നെ പൈലറ്റായ വരുൺ ആനന്ദിന് അപകടം നടന്ന ബോയിംഗ് 787 വിമാനവുമായോ അതിന്റെ സാങ്കേതിക വശങ്ങളുമായോ ബന്ധമില്ലെന്നും, അന്വേഷണത്തിന്റെ പേരിൽ കുടുംബത്തെ മാനസികമായി പീഡിപ്പിക്കാനാണ് ഏജൻസി ശ്രമിക്കുന്നതെന്നും എഫ്‌ഐപി ആരോപിക്കുന്നു.
അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റിൽ മാത്രം കെട്ടിവെക്കാനുള്ള മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ഈ നീക്കങ്ങളെന്ന് വക്കീൽ നോട്ടീസിൽ ആരോപിക്കുന്നുണ്ട്. അന്വേഷണം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി എഫ്‌ഐപിയും സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കർ രാജ് സബർവാളും നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മരിച്ച പൈലറ്റിന്റെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥർ കുടുംബത്തെ മാനസികമായി തളർത്താൻ ശ്രമിച്ചതായും, പൈലറ്റ് മനഃപൂർവം വിമാനം തകർത്തതാണെന്ന രീതിയിൽ സംസാരിച്ചതായും സംഘടന ആരോപിക്കുന്നു. ഇന്ധനം നിലച്ചതാണ് അപകടകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുമ്പോഴും, പൈലറ്റുമാരെ കുറ്റക്കാരാക്കാൻ വിവരങ്ങൾ തെറ്റായ രീതിയിൽ ചോർത്തുന്നത് ദുരൂഹമാണെന്ന് പൈലറ്റുമാർ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ അന്വേഷണ ഏജൻസിയായ എഎഐബിയിൽ വിശ്വാസമില്ലെന്നും, അതിനാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് പൈലറ്റുമാരുടെ പ്രധാന ആവശ്യം. 2025-ലെ പുതിയ എയർക്രാഫ്റ്റ് നിയമങ്ങൾ പ്രകാരം അന്വേഷണം സാങ്കേതികമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങണമെന്നും കുറ്റാരോപണങ്ങൾ ഉന്നയിക്കാൻ ഏജൻസിക്ക് അവകാശമില്ലെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു. അന്വേഷണത്തിൽ സർക്കാർ ഇടപെട്ട് നീതി ഉറപ്പാക്കണമെന്നാണ് പൈലറ്റുമാരുടെ സംഘടനയുടെ നിലപാട്.