ആറാം ക്ലാസ് മുതൽ സ്കൂളുകളിൽ എഐ വിദ്യാഭ്യാസം; പ്രഖ്യാപനവുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

 

കർണാടകയിലെ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിദ്യാഭ്യാസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ സാം മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്തെ വിദ്യാർത്ഥികളെ ആഗോള തലത്തിൽ മത്സരിക്കാൻ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ 'എഐ അക്ഷര അഭിയാന', 'കോഡിങ് ഗുരുകുല' എന്നീ പദ്ധതികളാണ് സ്കൂളുകളിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളം ഈ പദ്ധതികൾ നടപ്പാക്കുമെന്നും വിദ്യാർഥികളെ ആഗോളതലത്തിൽ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സാങ്കേതിക യുഗത്തെ നേരിടാൻ കർണാടകയിലെ യുവതലമുറയെ സജ്ജരാക്കുന്നതിനായി സ്കൂളുകളുടെയും കോളേജുകളുടെയും ഗുണനിലവാരം ഉയർത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തെ ആദ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള എഐ യൂണിവേഴ്സിറ്റി ബെംഗളൂരുവിൽ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.