എഐഎഡിഎംകെ പിളർപ്പിലേക്ക്; 30 എംഎൽഎമാർ ടിവികെ പക്ഷത്തേക്കെന്ന് സൂചന

 

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിന് പിന്നാലെ എഐഎഡിഎംകെയിൽ വൻ രാഷ്ട്രീയ വിള്ളൽ. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി (ഇപിഎസ്) തെറ്റിപ്പിരിഞ്ഞ 30 എംഎൽഎമാർ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) പക്ഷത്തേക്ക് നീങ്ങുന്നതായാണ് സൂചന. മുതിർന്ന നേതാക്കളായ സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലാണ് പാർട്ടിക്കുള്ളിൽ വിമത നീക്കം ശക്തമായിരിക്കുന്നത്.

നിയമസഭയിൽ ആകെയുള്ള 47 എഐഎഡിഎംകെ എംഎൽഎമാരിൽ ഭൂരിഭാഗവും ഇപിഎസിനെ കൈവിട്ടതായാണ് റിപ്പോർട്ടുകൾ. സത്യപ്രതിജ്ഞാ ദിവസം 36 എംഎൽഎമാർ ഷൺമുഖത്തിനൊപ്പം ചേർന്നപ്പോൾ 11 പേർ മാത്രമാണ് എടപ്പാടിയോടൊപ്പം നിന്നത്. എസ്.പി. വേലുമണിയെ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വിമതർ പ്രോടേം സ്പീക്കർക്ക് കത്ത് നൽകിയതായും വിവരമുണ്ട്. മൂന്നിൽ രണ്ട് ഭൂരിപക്ഷം തെളിയിക്കാനായാൽ യഥാർത്ഥ എഐഎഡിഎംകെ തങ്ങളാണെന്ന് അവകാശപ്പെടാൻ ഷൺമുഖം വിഭാഗത്തിന് സാധിക്കും.

വിജയ് സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിൽ ടിവികെയെ പിന്തുണയ്ക്കുന്ന കാര്യത്തിലും വിമതർക്കിടയിൽ ചർച്ചകൾ നടന്നതായാണ് വിവരം. എൻഡിഎ സഖ്യം വിട്ട് ടിവികെയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ, എടപ്പാടി പളനിസ്വാമി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം ഇപിഎസ് വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലും പകുതിയിലധികം പേർ പങ്കെടുക്കാതിരുന്നത് അദ്ദേഹത്തിന് വലിയ തിരിച്ചടിയായി. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വിമത വിഭാഗം ടിവികെയുമായി സഖ്യം പ്രഖ്യാപിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.