സംസ്ഥാനത്തെ എയിഡഡ് സ്കൂൾ അധ്യാപകരുടെ അവധി; തീരുമാനം സര്‍ക്കാരിനെന്ന് സുപ്രീംകോടതി

 

സംസ്ഥാനത്തെ എയിഡഡ് സ്കൂൾ അധ്യാപകരുടെ അവധി സംബന്ധിച്ച് നിർണ്ണായക തീരുമാനവുമായി സുപ്രീംകോടതി. ശൂന്യവേതന അവധിയടക്കം 180 ദിവസത്തിന് മുകളിലുള്ള എല്ലാ അവധിയിലും തീരുമാനം എടുക്കാൻ അധികാരം സംസ്ഥാനസർക്കാരിനാണ് കോടതി ഉത്തരവിട്ടു.

എയിഡഡ് സ്കൂൾ മാനേജർമാർക്ക് ഈക്കാര്യത്തിൽ തിരുമാനത്തിന് അധികാരമില്ലെന്ന് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എയിഡഡ് സ്കൂൾ മാനേജർമാരുടെ ഉത്തരവാദിത്വം അവധി അപേക്ഷ സർക്കാരിന് കൈമാറുക എന്നത് മാത്രമാണെന്നും സ്വന്തമായി തീരുമാനം എടുക്കാനാകില്ലെന്നും  കോടതി വ്യക്തമാക്കി.

എംഇഎസ് സ്കൂളിലെ അധ്യാപകനായ മുഹമ്മദ് അലിക്ക്  ശൂന്യവേതന അവധി നീട്ടി നൽകാനാകില്ലെന്ന് സ്കൂൾ മാനേജർ തീരുമാനം എടുത്തതിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. 2020ൽ സർക്കാർ ശൂന്യവേതന അവധി നീട്ടി നൽകുന്നത് സംബന്ധിച്ച് പുതിയ ഉത്തറവിറക്കിയിരുന്നു. ഈ ഉത്തരവിന്‍റെ  അടിസ്ഥാനത്തിൽ സ്കൂൾ മാനേജർ അവധി അപേക്ഷ സർക്കാരിന് കൈമാറാതെ തള്ളി.

ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ എത്തിയ അധ്യാപകന്അനൂകൂല വിധി സിംഗൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നൽകി. ഇതിനെ ചോദ്യം ചെയ്താണ് എംഇഎസ് മാനേജര്‍ സുപ്രീംകോടതിയിൽ എത്തിയത്. കേസിൽ അധ്യാപകനായി അഭിഭാഷകരായ പ്രശാന്ത് കുളമ്പിൽ, ജുനൈസ് പടലത്ത് എന്നിവർ വാദിച്ചു. എംഇഎസിനായി അഭിഭാഷകരായ അരവിന്ദ് ഗുപ്ത,ആലിം അൻവർ എന്നിവർ ഹാജരായി.