ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ്  പ്രതിസന്ധി തുടരുന്നു

 

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം പുറപ്പെടാൻ ഇനിയും വൈകും. കരിപ്പൂർ- ബഹ്റിൻ എയർ ഇന്ത്യ വിമാനമാണ് വൈകുന്നത്. രാവിലെ 10.10 നാണ് കരിപ്പൂരിൽ നിന്നും വിമാനം പുറപ്പെടേണ്ടിയിരുന്നത്. സാങ്കേതിക തകരാർ മൂലം വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. രണ്ടുമണിക്കൂർ വിമാനത്തിൽ ഇരുത്തിയശേഷം യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. വിമാനം 6.30 പുറപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിവരം.

ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളുടെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. കണ്ണൂർ നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ 2 സർവീസുകളും കരിപ്പൂരിൽ ഒരു സർവീസും ഇന്ന് മുടങ്ങി. 2 ദിവസത്തിനകം സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കാനാകുമെന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി.