കൊൽക്കത്തയിൽ എയർ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി; വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി

 

കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിലെ ശുചിമുറിയിലെ കണ്ണാടിയിൽ ഹൈജാക്ക് സന്ദേശം എഴുതിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സുരക്ഷാ മുന്നറിയിപ്പ്.

AI 772 വിമാനത്തിലാണ് സംഭവം. സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് മുന്നറിയിപ്പ് നൽകി. പിന്നാലെ വിമാനം സുരക്ഷാ പരിശോധനയ്ക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന 93 യാത്രക്കാരെയും അഞ്ച് ജീവനക്കാരെയും പുറത്തിറക്കിയതായാണ് റിപ്പോർട്ട്.

സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഭീഷണി സന്ദേശത്തിന്റെ ഉറവിടവും ഇതിന് പിന്നിലെ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ്. ഭീഷണി യഥാർഥമാണോ അതോ വ്യാജമാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.