എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം അതീവ ഗൗരവമെന്ന് വിലയിരുത്തി വ്യോമയാന മന്ത്രാലയം

 

തായ്ലൻഡിലെ പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം അതീവ ഗൗരവമെന്ന് വിലയിരുത്തി വ്യോമയാന മന്ത്രാലയം. വൈദ്യ പരിശോധനയിൽ പൈലറ്റിൻ്റെ സാമ്പിളിൽ കണ്ടെത്തിയ കഞ്ചാവിൻ്റെ അംശം എങ്ങനെ വന്നു എന്നതിൽ കൂടുതൽ പരിശോധന നടത്തും. ആരോപണ വിധേയനായ പൈലറ്റിനെതിരെ കാബിൻ ജീവനക്കാരും സഹ പൈലറ്റും പരാതി നൽകി

ഓഗസ്റ്റ് നാലിന് തായലാൻഡിലെ പൂകെറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് യാത്രക്കിടെ 300 അടി താഴ്ചയിലേക്ക് പെട്ടെന്ന് താഴ്ന്നത്. അപകടത്തിൽ 20 യാത്രക്കാർക്കും 4 ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പൈലറ്റുമാരിൽ ഒരാളുടെ ലഹരി പരിശോധനാ ഫലം പോസ്റ്റീവ് അയതോടെയാണ് അപകടത്തിൽ ദുരൂഹത വർദ്ധിക്കുന്നത്. പൈലറ്റിന്റെ സാമ്പിളിൽ കണ്ട കഞ്ചാവിന്റെ അംശം എങ്ങനെ വന്നു എന്നതിൽ കൂടുതൽ പരിശോധന നടത്തുമെന്നും, ചട്ട പ്രകാരം വിഷയം മെഡിക്കൽ റിവ്യൂ ഓഫിസർക്ക് കൈമാറുമെന്നും ഏയർ ഇന്ത്യ മാനേജ്മെൻറ് വ്യക്തമാക്കി.

അതേസമയം പൈലറ്റ് ഇൻ കമാൻഡിന് കൂടുതൽ കുരുക്ക്. ക്യാപ്റ്റൻ ലഹരി ഉപയോഗിച്ച പോലെയാണ് പെരുമാറിയതെന്ന് ക്യാബിൻ ക്രൂ അംഗം എയർ ഇന്ത്യയ്ക്ക് പരാതി നൽകി. നടക്കാൻ പോലും പറ്റാത്ത നിലയിലായിരുന്നു പൈലറ്റ് എന്ന് പരാതിയിലുണ്ടെന്നാണ് സൂചന. വിമാനം താഴേക്ക് പതിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ മുന്‍ കൂട്ടി അറിയിപ്പ് നല്‍കിയപ്പോള്‍ ക്യാപ്റ്റൻ സീറ്റിലുണ്ടായിരുന്നില്ലെന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് നിലവിൽ അന്വേഷണം നടത്തുന്ന എഎഐബിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടും തുടർനടപടികളിൽ നിർണായകമാകും.